സൗദി മീഡിയ ഫോറം പരിപാടികൾക്ക് റിയാദിൽ തുടക്കം
text_fieldsറിയാദ്: മൂന്നാമത് സൗദി മീഡിയ ഫോറം പരിപാടികൾക്ക് റിയാദിലെ അറീന ഫോർ എക്സിബിഷൻസ് ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കം. പ്രധാന പരിപാടിയായ ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷൻ ‘ഫോമെക്സ്’ വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരി ഉദ്ഘാടനം ചെയ്തു. സൗദി ജേണലിസ്റ്റ് അസോസിയേഷനുമായി സഹകരിച്ച് റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷനാണ് ‘ഫോമെക്സ്’ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.30ന് ആരംഭിച്ച പ്രദർശനപരിപാടി ബുധനാഴ്ച രാത്രിയോടെ സമാപിക്കും.
സൗദി വിജ്ഞാനകോശത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ‘സൗദിപീഡിയ’യുടെ (saudipedia.com) ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ, വാർത്ത വിതരണ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല അൽമഗ്ലൂത്ത്, സൗദി മീഡിയ ഫോറം ചെയർമാനും റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സി.ഇ.ഒയുമായ മുഹമ്മദ് അൽഹാർതി, അറബ്, അന്തർദേശീയ മാധ്യമപ്രവർത്തകർ, പ്രാദേശിക, അന്തർദേശീയ മാധ്യമ വ്യവസായികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോറത്തിന്റെ ഭാഗമായ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമ സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ അറീന സെന്ററിനോടുചേർന്നുള്ള ഹിൽട്ടൺ ഹോട്ടലിൽ നടക്കും. പ്രമുഖ അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുൾപ്പടെ പങ്കെടുക്കും. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമ പ്രദർശന മേളയാണ് ‘ഫേമെക്സ്’. ഇതിൽ 200 ലധികം പ്രാദേശിക, അന്തർദേശീയ മാധ്യമസ്ഥാപനങ്ങളാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്നുള്ള ഏക മാധ്യമസ്ഥാപനമായി ‘മീഡിയവൺ’ ചാനലും പവലിയൻ ഒരുക്കിയിട്ടുണ്ട്.
മാധ്യമരംഗത്തെ ഏറ്റവും പുതിയ കലാപരവും സാങ്കേതികവുമായ വശങ്ങൾ അനാവരണം ചെയ്യപ്പെടുന്ന മേളയിൽ നൂതനമായതെല്ലാം പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. പ്രമുഖരായ മാധ്യമപ്രവർത്തകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുകയും മാധ്യമ മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങളും അനുഭവങ്ങളും ചർച്ച ചെയ്തു. മാധ്യമ ഉള്ളടക്കം, നിർമാണം, സംപ്രേഷണം എന്നീ മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകൾ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു.
ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷന്റെ പ്രവർത്തനങ്ങളിലൊന്നാണ് ‘സൗദിപീഡിയ’. ‘വിഷൻ 2030’ കൈവരിക്കുന്നതിനുള്ള പരിപാടികളിലൊന്നായ ഈ വിജ്ഞാനകോശം മാനവശേഷി വികസന പരിപാടിയുടെ ഭാഗമാണ്. നിരവധി ഭാഷകളിൽ ലഭ്യമായ സൗദിയെക്കുറിച്ചുള്ള ഒരു വൈജ്ഞാനിക റഫറൻസെന്ന നിലയിൽ വിശ്വസനീയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഒരു വിജ്ഞാനകോശമാണിത്. ഏറ്റവും മികച്ച രീതിയിലാണ് രൂപകൽപന.
മാധ്യമസമ്മേളനത്തിന്റെ വിവിധ സെഷനുകൾ ചൊവ്വാഴ്ച ആരംഭിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ വ്യവസായ പ്രമുഖർ, വിദഗ്ധർ തുടങ്ങിയ 150 പ്രഭാഷകർ വിവിധ സെഷനുകളിൽ പെങ്കടുക്കും. 60 ലധികം ഡയലോഗ് സെഷനുകളിലും ശിൽപശാലകളിലും 80 വിഷയങ്ങൾ ചർച്ച ചെയ്യും.
ലോകത്തെ ദൃശ്യ, ശ്രാവ്യ, അച്ചടി, ഡിജിറ്റൽ മാധ്യമ രംഗത്തെ സംഭവവികാസങ്ങളാണ് ഈ സെഷനുകളിൽ അവതരിപ്പിക്കപ്പെടുന്നത്. പ്രാദേശികവും അന്തർദേശീയവുമായ അനുഭവങ്ങളും സാമൂഹിക, രാഷ്ട്രീയ, കായിക, സാമ്പത്തിക വിഷയങ്ങളും അവലോകനം ചെയ്യും. ഡിജിറ്റൽ മീഡിയയുടെ മാർക്കറ്റിങ്ങിന്റെയും പ്രാധാന്യം, മൊബൈൽ ജേണലിസം, ടെലിവിഷൻ ജേണലിസം, ന്യൂസ് എഡിറ്റിങ് കലകൾ, അറബ് മാധ്യമങ്ങളുടെ വർത്തമാനകാല യാഥാർഥ്യം എന്നിവ ഫോറം ചർച്ച ചെയ്യും. ഫോറത്തിൽ അറബ്, വിദേശ രാജ്യങ്ങളിൽനിന്നുള്ള 2000ലധികം മാധ്യമ വിദഗ്ധരും ജേണലിസം പ്രേമികളും പ്രാദേശിക, അന്തർദേശീയ മാധ്യമപ്രവർത്തകരും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.