തുർക്കിയയിലെ ഭൂകമ്പബാധിതർക്ക് സൗദിയുടെ മെഡിക്കൽ സഹായപദ്ധതി
text_fieldsയാംബു: കഴിഞ്ഞ വർഷം തുർക്കിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ ദുരിതത്തിലായ ആളുകൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. 2023 ഫെബ്രുവരി ആറിലെ ഭൂകമ്പ ദുരിതബാധിതർക്കാണ് തുർക്കിയ റെയ്ഹാൻലിയിലെ ഹെൽത്ത് ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് സൗദിയുടെ കിങ് സൽമാൻ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് (കെ.എസ്. റിലീഫ്) വിവിധ മെഡിക്കൽ പദ്ധതികൾ നടപ്പാക്കുന്നത്. സെന്ററിന് കീഴിലുള്ള മെഡിക്കൽ വളന്റിയർ ടീം ഒരാഴ്ച നീണ്ട മെഡിക്കൽ ക്യാമ്പ് റെയ്ഹാൻലിയിൽ നടത്തി.
പരിശോധനയിൽ പ്രത്യേക സർജറികൾ ആവശ്യമുള്ള രോഗികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ഫാമിലി മെഡിസിൻ ക്ലിനിക്കിൽ 493, ഡെർമറ്റോളജി ക്ലിനിക്കിൽ 355, ഒപ്റ്റോമെട്രി ക്ലിനിക്കിൽ 338, എൻഡോക്രൈനോളജി ക്ലിനിക്കിൽ 173 എന്നിവരെ മെഡിക്കൽ സംഘം ചികിത്സിച്ചു.
ഭൂകമ്പ ബാധിതരെ സഹായിക്കാൻ കെ.എസ്. റിലീഫ് ‘സാഹിം’ പോർട്ടൽ വഴി ജനകീയ ധനസമാഹരണ കാമ്പയിൻ നടത്തിയിരുന്നു. ഇതുവരെ 30 ലക്ഷത്തിലധികം ആളുകളിൽനിന്ന് 52.4 കോടി റിയാൽ സമാഹരിക്കാൻ കഴിഞ്ഞു. ഇതുപയോഗിച്ചും വിവിധ സഹായപ്രവർത്തനങ്ങളും പുനരധിവാസ, മെഡിക്കൽ പദ്ധതികളും അവിടെ നടപ്പാക്കി വരുകയാണ്.
കെ.എസ്. റിലീഫ് 2015ൽ ആരംഭിച്ചത് മുതൽ 454 പ്രാദേശിക, അന്തർദേശീയ പങ്കാളികളുടെ സഹകരണത്തോടെ 104 രാജ്യങ്ങളിലായി 701 കോടി ഡോളറിലധികം മൂല്യമുള്ള 3,105 പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ട്.
യമൻ (405 കോടി ഡോളർ), ഫലസ്തീൻ (50.1 കോടി ഡോളർ), സിറിയ (44.7 കോടി ഡോളർ), സൊമാലിയ (23.3 കോടി ഡോളർ) എന്നീ രാജ്യങ്ങളിലാണ് കൂടുതൽ പദ്ധതികൾ നടപ്പാക്കിയത്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചിത്വം, പാർപ്പിടം, പോഷകാഹാരം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻസ്, ലോജിസ്റ്റിക്സ് എന്നിവയിലാണ് കെ.എസ്. റിലീഫ് കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.