കാപ്പി ഗവേഷകർക്ക് സൗദി സാംസ്കാരിക മന്ത്രാലയം ഗ്രാന്റ് പ്രഖ്യാപിച്ചു
text_fieldsയാംബു: സൗദി സാംസ്കാരിക മന്ത്രാലയം ഈ വർഷം 'ഗഹ്‌വ വർഷ'മായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ പരിപാടികളും പ്രഖ്യാപനങ്ങളും ഊർജിതമായി നടക്കുകയാണ്. സൗദിയിലെ കോഫിയെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നവർക്ക് ഗ്രാൻഡുകൾ നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി കോഫി കമ്പനി ഓഫ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) സഹകരണത്തോടെയാണ് സൗദി കോഫി റിസർച്ചിനായി പ്രത്യേക ഗ്രാൻഡ് അനുവദിക്കാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ സ്വത്വവും പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്ന 'ഗഹ്‌വ'യെ കുറിച്ചുള്ള ശാസ്ത്ര പ്രബന്ധങ്ങൾ തയാറാക്കാനും ഗവേഷണ പഠനങ്ങൾ നടത്താനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.
സൗദി കോഫി റിസർച്ച് ഗ്രാൻഡുകൾ മൂന്നു തരത്തിലുള്ളതായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അറേബ്യൻ ഉപദ്വീപിലെ കാപ്പിയുടെ ഗവേഷണത്തിനാണ് ഒന്ന്. അറബികളുടെ ചരിത്രപരമായ വേരുകൾ ഉൾക്കൊള്ളുന്ന വിഷയമായിരിക്കും ഇത്. അറേബ്യൻ ഉപദ്വീപിലെ കാപ്പിയുടെ സ്വാധീനവും ചരിത്രവും സൗദിയിലെ അതിന്റെ വ്യാപനവും ഗവേഷണ വിഷയമായിരിക്കും. ഗ്രാൻഡ് അനുവദിക്കുന്ന രണ്ടാമത്തെ വിഭാഗം പ്രാദേശിക സാംസ്കാരിക ഉള്ളടക്കത്തിന്റെ വികസനത്തെക്കുറിച്ചായിരിക്കും. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന സൗദി കാപ്പി സർക്കാർതലത്തിൽ സംഭരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഗവേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതായിരിക്കും. പ്രാദേശിക സാംസ്കാരിക ഉള്ളടക്കം ഉൾക്കൊള്ളുന്ന കാപ്പിയുടെ ഗവേഷണം സൗദിയുടെ വികസനവും സൗദിയുടെ യഥാർഥ പൈതൃക ഘടകങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സൗദി സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനും സംഭാവന ചെയ്യുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.
മൂന്നാമത്തേത്, സൗദി കാപ്പിയുമായി ബന്ധപ്പെട്ട 'അദൃശ്യമായ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. ഇതിലെ ഗവേഷണത്തിൽ സാമൂഹിക സമ്പ്രദായങ്ങൾ, ആചാരങ്ങൾ, ആചാരപരമായ ആഘോഷങ്ങൾ, സൗദി കാപ്പിയുടെ പരമ്പരാഗത കരകൗശലവസ്തുക്കൾ എന്നിവക്ക് പുറമേ പ്രകടന കലകളും സംഗീതവും ഉൾപ്പെടും. കൂടാതെ പ്രസക്തമായ അറിവിലും സമ്പ്രദായങ്ങളിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും ഉൾപ്പെടുന്നുവെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ദേശീയ സ്വത്വബോധം ശക്തിപ്പെടുത്തുക, സൗദി കാപ്പിയുമായി ബന്ധപ്പെട്ട അദൃശ്യമായ പൈതൃകം ഉയർത്തിക്കാട്ടുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളാൻ ഗ്രാൻഡ് അനുവദിക്കുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. സൗദിയുടെ സ്വന്തം കാപ്പിയായി അറിയപ്പെടുന്ന 'ഖൗലാനി ഗഹ്‌വ' രാജ്യത്തിന്റെ ആധികാരിക ഉൽപന്നമായി പ്രചാരണം ശക്തമാക്കാനും സൗദിക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.