സൗദിയിൽ മൂന്ന് ടേം അധ്യയനവർഷം തുടരും
text_fieldsയാംബു: സൗദിയിൽ മൂന്നു ടേമുകളുള്ള അധ്യയന വർഷം തുടരുമെന്നും പുതിയ അധ്യയന വർഷം മുതൽ വേനൽക്കാല അവധി രണ്ടുമാസമായിരിക്കുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ചു വർഷത്തേക്കുള്ള പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയിലെ അക്കാദമിക് കലണ്ടറിനുള്ള പൊതുസമയപരിധി സൗദി മന്ത്രിസഭ അംഗീകരിച്ചു. പൊതുവിദ്യാഭ്യാസത്തിൽ മൂന്ന് ടേം അധ്യയന വർഷ സമ്പ്രദായം തുടരുമെന്ന് വ്യക്തമാക്കി പുതിയ അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ മന്ത്രാലയം പുറത്തിറക്കി.
180 പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത അധ്യയന വർഷമാണ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ടേം ആഗസ്റ്റ് 18നും രണ്ടാം ടേം നവംബർ 17നും മൂന്നാം ടേം അടുത്ത വർഷം മാർച്ച് രണ്ടിനും ആരംഭിക്കും. അടുത്ത വർഷം ജൂൺ 26ന് അധ്യയന വർഷം അവസാനിക്കും. പുതിയ അധ്യയന വർഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിദിനങ്ങളും മന്ത്രാലയം വെളിപ്പെടുത്തി.
ദേശീയദിന അവധി, ദീർഘ അവധികൾ, ശരത്കാല അവധി, വാരാന്ത്യ അവധിദിനങ്ങൾ, മധ്യവർഷ അവധി, ദേശീയസ്ഥാപകദിന അവധി, ശീതകാല അവധി, ഈദുൽ ഫിത്ർ അവധി, ഈദുൽ അദ്ഹ അവധി തുടങ്ങിയവയും നിർണയിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സർവകലാശാലകൾ, ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ- വൊക്കേഷനൽ ട്രെയിനിങ്, വിദേശ- സ്വകാര്യ സ്കൂളുകൾ, വിദേശത്തുള്ള സൗദി സ്കൂളുകൾ, കമ്യൂണിറ്റി സ്കൂളുകൾ എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി അക്കാദമിക് കലണ്ടർ വികസിപ്പിക്കുന്നതിന് അധികൃതർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.