കരുതലോടെ കോവിഡിന് ‘മഅസ്സലാമ' പറഞ്ഞ് സൗദി ആരോഗ്യമന്ത്രാലയം
text_fieldsറിയാദ്: സുരക്ഷിതത്വത്തോടും അവബോധത്തോടും കൂടി ആരോഗ്യ ജീവിതം തുടരാൻ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിനായി ആരംഭിച്ച 'മഅസ്സലാമ' (വിടപറയൽ) ബോധവത്കരണ കാമ്പയിനിലൂടെ സൗദി ആരോഗ്യ മന്ത്രാലയം കോവിഡിനോട് വിടപറയൽ പ്രഖ്യാപിച്ചു.
ലോകാരോഗ്യ സംഘടന കോവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കഴിഞ്ഞമാസം പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൗദി കോവിഡിനോട് കരുതലോടെ വിടപറയാൻ തീരുമാനിച്ചത്. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഉൾപ്പെടെ പ്രതിരോധശേഷി കുറഞ്ഞവരെല്ലാം ജാഗ്രതയിൽ കുറവുവരുത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വ്യക്തിഗത ശുചിത്വം പാലിക്കുന്നതിലും പൊതുസ്ഥലത്ത് തുമ്മുമ്പോഴും ചുമക്കുമ്പോഴുമെല്ലാം കോവിഡ് കാലത്ത് ശീലിച്ച ആരോഗ്യമര്യാദകൾ പാലിക്കണം. രോഗപ്പകർച്ചയും പ്രതിരോധവും തീർക്കാൻ സ്വയം കരുതലാണ് പ്രധാനമെന്ന് മന്ത്രാലയം ഉണർത്തി.
കൊറോണ വൈറസ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിൽ ആരോഗ്യമന്ത്രാലയം ഉജ്ജ്വലമായ വിജയമാണ് കൈവരിച്ചത്. സ്വദേശികളെന്നോ വിദേശികളെന്നോ വിവേചനമില്ലാതെ രാജ്യത്തുള്ള രോഗബാധയേറ്റ മുഴുവനാളുകൾക്കും ചികിത്സയും വാക്സിനും സൗജന്യമായി നൽകി. താമസരേഖയില്ലാതെ നിയമലംഘകരായി രാജ്യത്തുണ്ടായിരുന്നവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കി.
8,41,469 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധയുണ്ടായത്. ഇതിൽ 9,646 ആളുകൾ മരണത്തിന് കീഴടങ്ങി. 6,96,35,799 ഡോസ് വാക്സിൻ വിതരണം ചെയ്യുകയും 4,54,84,848 കോവിഡ് പരിശോധനകൾ നടത്തുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിൽ രാജ്യം നടത്തിയ ചടുലമായ നീക്കങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു.
രാജ്യത്ത് ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ച്, സമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നടത്തി ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ സൗദിയിലെ ജനനങ്ങളോട് ആരോഗ്യ മന്ത്രാലയം നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.