ഒന്നര വർഷം മുമ്പ് റിയാദിൽ കാണാതായ മലയാളി ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരണം
text_fieldsറിയാദ്: കോവിഡിെൻറ ആദ്യ തരംഗ കാലത്ത് കാണാതായ മലയാളി യുവാവ് ജീവനൊടുക്കിയതാണെന്നും റിയാദിൽ തന്നെ ഖബറടക്കിയെന്നും ഒന്നര വർഷത്തിന് ശേഷം സ്ഥിരീകരണം. കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശി താജുദ്ദീൻ അഹമ്മദ് കുട്ടിയുടെ (38) തിരോധാനം സംബന്ധിച്ചാണ് ഒടുവിൽ റിയാദ് പൊലീസിെൻറ തീർപ്പുണ്ടായത്.
2020 മെയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒരു ഒഴിഞ്ഞ മുറിയിൽ ആത്മഹത്യ നിലയിൽ കണ്ടെത്തുകയും ഒരു മാസത്തോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം ഖബറടക്കുകയും ചെയ്തെന്ന് ശിഫ പൊലീസ് സ്റ്റേഷൻ അധികൃതർ സ്ഥിരീകരിച്ചു. റിയാദ് അസീസിയയിലെ പച്ചക്കറി മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു താജുദ്ദീൻ. തുടക്ക കാലത്ത് തന്നെ ഇദ്ദേഹത്തിനും ഒപ്പം ജോലി ചെയ്തിരുന്ന ബന്ധു ശരീഫിനും കോവിഡ് ബാധിച്ചിരുന്നു. ശരീഫ് മരണപ്പെട്ടു. ഇതോടെ പരിഭ്രാന്തിയിലായ താജുദ്ദീന് മാനസിക പ്രശ്നമുണ്ടായി.പിന്നീട് കാണാതാവുകയായിരുന്നു. മെയ് 16 വരെ നാട്ടിൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം അതുമില്ലാതായി. സാമൂഹിക പ്രവർത്തകരും നാട്ടുകാരും വ്യാപകമായി അന്വേഷിച്ചു. ഇന്ത്യൻ എംബസി സൗദി അധികൃതർക്ക് കത്തെഴുതി ഒൗദ്യോഗിക തലത്തിലും അന്വേഷണം നടത്തി. ഒരു വിവരവും ലഭിക്കാത്തതിനാൽ അന്വേഷണങ്ങളെല്ലാം പാതി വഴിയിൽ അവസാനിക്കുകയും ചെയ്തു.
ഒന്നര വർഷത്തിന് ശേഷം റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സ്വന്തം നിലയ്ക്ക് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് എംബസിയുടെ അനുമതിയോടെ റിയാദ് ശുമൈസി ആശുപത്രി മോർച്ചറി അധികൃതരെ സമീപിച്ച് അവിടുത്തെ രേഖകൾ പരിശോധിച്ചു. ഉദ്യോഗസ്ഥരായ മുഹമ്മദ് ഹാഷ്മിയും അലി ബവാസിറും താൽപര്യമെടുത്ത് ഒന്നര വർഷത്തെ മുഴുവൻ രേഖകളും പരിശോധിച്ചപ്പോൾ ഇതേ പേരുകാരനായ ഒരു ബംഗ്ലാദേശി പൗരെൻറ മൃതദേഹം അവിടെ എത്തിയിരുന്നു എന്ന് കണ്ടെത്തി. കൂടുതൽ വിശദമായ പരിശോധനയിൽ അത് താജുദ്ദീേൻറതാണെന്നും ബംഗ്ലദേശ് പൗരൻ എന്നത് തെറ്റായി രേഖയിൽ കടന്നുകൂടിയതാണെന്നും വ്യക്തമായി. മൃതദേഹം മോർച്ചറിയിൽ എത്തിയത് ശിഫ പൊലീസ് സ്റ്റേഷൻ വഴിയാണെന്ന് മനസിലായി. തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ കഴിഞ്ഞ വർഷം മെയ് 17ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതാണെന്ന് ഉറപ്പിച്ചു. പൊലീസ് ക്യാപ്റ്റന്മാരായ ഉബൈദും തുർക്കി ബിൻ ഖാലിദുമാണ് അത് സ്ഥിരീകരിച്ചത്.
അജ്ഞാതനെന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശിയുടേതാണെന്ന സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെടുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ ഒരു മാസം വരെ സൂക്ഷിച്ചു. കോവിഡിെൻറ രൂക്ഷകാലമായതിനാൽ ധാരാളം മരണങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. താജുദ്ദീെൻറ മൃതദേഹം അന്വേഷിച്ച് ആരും വരുന്നില്ല എന്ന് കണ്ടപ്പോൾ അധികൃതർ അത് വേഗം സംസ്കരിക്കുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായത് മുതൽ പ്രയാസത്തിലായ കുടുംബവും കഴിയുന്നത്ര രീതിയിൽ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. എന്നാൽ ഒരിടത്തു നിന്നും ഒരു വിവരവും ലഭിച്ചില്ല. റിയാദിലെ കരുനാഗപ്പള്ളി കൂട്ടായ്മയായ 'മൈത്രി'യു സാധ്യമാകുന്നത്ര അന്വേഷണം നടത്തി. എന്നാൽ ഇൗ സമയം മൃതദേഹം കിടന്ന ശുമൈസി മോർച്ചറിയിൽ ഒരു അന്വേഷണം എത്തിയതുമില്ല. ബംഗ്ലദേശ് പൗരൻ എന്ന് രേഖപ്പെടുത്തപ്പെട്ടത് കൊണ്ടാവാം ഇന്ത്യൻ എംബസിക്കും വിവരം കിട്ടിയില്ല. ഇപ്പോൾ ശിഹാബ് കൊടുകാടിെൻറ വീണ്ടും അന്വേഷണവുമായി തുനിഞ്ഞിറങ്ങിയതാണ് ഇങ്ങെനയൊരു സ്ഥിരീകരണത്തിനെങ്കിലും വഴിയൊരുക്കിയത്. ഏറെക്കാലമായി റിയാദിൽ പ്രവാസിയായ താജുദ്ദീെൻറ ഭാര്യ ഷംനയാണ്. മാതാവും രണ്ട് മക്കളും അഞ്ച് സഹോദരങ്ങളുമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.