ദമ്മാം ഐ.സി.സി മദ്റസയിൽ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsദമ്മാം: ഇസ്ലാമിക് കൾചറൽ സെൻറർ (ഐ.സി.സി) മലയാള വിഭാഗം സൗദി അറേബ്യയുടെ 93ാം ദേശീയദിനാചരണം സംഘടിപ്പിച്ചു. സൗദിയുടെ ഹരിതപതാക ഉൾക്കൊള്ളുന്ന ഏകദൈവ വിശ്വാസവും തിരുനബിയുടെ ചര്യയും ഉൾക്കൊണ്ട് ലോകത്തെ വിവിധ ആദർശ ചിന്താപ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരെ ചേർത്തുപിടിച്ചുകൊണ്ടുതന്നെയാണ് ഈ നാട് മുന്നോട്ടുപോകുന്നതെന്നും 100 വർഷത്തോടടുക്കുന്ന സൗദിയുടെ മഹത്തായ പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ സ്വദേശികളും വിദേശികളും ഇവിടത്തെ ഭരണാധികാരികൾക്ക് മികച്ച പിന്തുണ നൽകുന്നത് തുടരണമെന്നും ദേശീയദിന സന്ദേശത്തിൽ ദമ്മാം ഇസ്ലാമിക് കൾചറൽ സെൻറർ ഡയറക്ടർ ഡോ. ശൈഖ് അബ്ദുൽ വാഹിദ് ബിൻ ഹമദ് അൽമസ്റൂഅ് വ്യക്തമാക്കി.
നൂറ്റാണ്ടോടടുക്കുന്ന ആധുനിക സൗദി അറേബ്യയുടെ പൈതൃകവും കരുത്തും വിദ്യാർഥികളിലേക്ക് എത്തിക്കുകയെന്നതിന്റെ ഭാഗമായി വിദ്യാർഥി റാലി, ദേശീയ ഗാനാലാപനം, മധുരപലഹാര വിതരണം, സൗദി പതാക വരക്കൽ, ആധുനിക സൗദിയുടെ ചരിത്രത്തെ ആസ്പദിച്ച് പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ മുഹമ്മദ് ബിൻ അബ്ദുൽ ജബ്ബാർ, മർയം ഷഹനാസ് എന്നിവർ ഒന്നാം സ്ഥാനവും മുഹമ്മദ് നാഫി, രിസ സൈനബ് എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, അധ്യാപകരായ ഉസ്മാൻ കൊടുവള്ളി, അബ്ദുൽ ഖാദർ മൂന്നുപീടിക, അബ്ദുൽ നാസർ കരൂപ്പടന്ന, സുഹൈർ മാറഞ്ചേരി എന്നിവർ ദേശീയദിനാഘോഷത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.