മാനത്ത് വർണരാജി തീർത്ത് വെടിക്കെട്ട്
text_fieldsജിദ്ദ: 93ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ വെടിക്കെട്ട് സൗദി മാനത്ത് വർണവിസ്മയം തീർത്തു. രാജ്യത്ത് 15 നഗരങ്ങളിൽ ഒരേസമയം ആകാശം പല വർണങ്ങളാൽ തിളങ്ങി. വിനോദ അതോറിറ്റിയാണ് രാജ്യത്തെ പ്രധാന പട്ടണങ്ങളിൽ വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പടക്കങ്ങൾകൊണ്ടുള്ള വർണക്കാഴ്ചയൊരുക്കിയത്. സ്വദേശികളും വിദേശികളുമായ ദശലക്ഷക്കണക്കിന് ആളുകൾ സൗന്ദര്യാത്മക രൂപങ്ങളുടെ തിളക്കവും വർണക്കാഴ്ചകളും ആസ്വദിച്ചു.
ഏറെനേരം നീണ്ട വെടിക്കെട്ട് ആളുകളിൽ കൗതുകവും വിസ്യവുമുണ്ടാക്കി. റിയാദിലെ ബൊളിവാർഡ് സിറ്റി, ജിദ്ദ കോർണിഷ്, ദമ്മാമിലെ കിങ് അബ്ദുല്ല പാർക്ക്, നോർത്തേൺ ഖോബാർ കോർണിഷ്, അൽഅഹ്സയിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്ക്, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, അബഹ അൽഫാൻ സ്ട്രീറ്റിലെ അൽസദ്ദ് പാർക്ക്, മദീനയിലെ കിങ് ഫഹദ് സെൻട്രൽ പാർക്ക്, ഹാഇലിലെ അൽസലാം പാർക്ക്, തബൂക്കിലെ അൽനസീം സെൻട്രൽ പാർക്ക്, അൽബാഹയിലെ അമീർ ഹുസാം പാർക്ക്, സകാക്കയിലെ അമാനത്ത് അൽജൗഫ് ഗാർഡൻ, ജിസാനിൽ കോർണിഷ് റോഡ് നടപ്പാത, നജ്റാനിൽ യൂനിവേഴ്സിറ്റി ഡിസ്ട്രിക്ട് ഹൗസിങ് പാർക്ക്, ത്വാഇഫിൽ കിങ് അബ്ദുല്ല പാർക്ക്, അറാറിലെ വാട്ടർ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് വിനോദ അതോറിറ്റി കരിമരുന്ന് പ്രയോഗം ഒരുക്കിയത്.
വെടിക്കെട്ട് കാഴ്ചകൾ കാമറകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സ്വദേശികളും വിദേശികളും ദേശീയദിനാഘോഷത്തിൽ ആഹ്ലാദപൂർവം പങ്കുചേർന്നു. അതുല്യവും മനോഹരവും സർഗാത്മകവുമായ കാഴ്ച എല്ലാവിഭാഗം ജനങ്ങൾക്കും ഹരം പകർന്നു.
റിയാദിൽ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബൊളിവാർഡ് സിറ്റിക്ക് സമീപം ഡ്രോണുകൾ ആകാശത്ത് ലേസർ ചിത്രങ്ങൾ വരച്ചു. അബ്ദുൽ അസീസ് രാജാവ്, സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ദേശീയപതാക എന്നീ ചിത്രങ്ങളാണ് തെളിഞ്ഞത്.
രാജ്യത്തെ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികളുമായി ദേശീയദിനാഘോഷം തുടരുകയാണ്. മൂന്നുദിവസം നീളുന്ന പരിപാടികളാണ് പല സ്ഥലങ്ങളിലും മുനിസിപ്പാലിറ്റികൾക്ക് കീഴിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.