സൗദി ദേശീയ ദിനാഘോഷം: സന്ദർശകരുടെ നിറസാന്നിധ്യത്തിൽ ത്വാഇഫിലെ മൃഗശാല
text_fieldsത്വാഇഫ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ അവധി നാളുകളിൽ സന്ദർശകരുടെ പ്രവാഹത്തിൽ നിറഞ്ഞ് ത്വാഇഫ് മൃഗശാല. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷകണങ്ങളിലൊന്നാണ് കുട്ടികൾക്കും മുതിർന്നവർക്കും വിവിധങ്ങളായ ഉല്ലാസ വിനോദ പ്രവർത്തനങ്ങൾ കൂടി ഉൾക്കൊള്ളുന്ന മൃഗശാല.
ആഫ്രിക്കൻ ആന മുതൽ കൗതുകങ്ങളുണർത്തുന്ന വിവിധ ജീവികളുള്ള മൃഗശാല സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈയിടെയായി പുതിയ ചില മൃഗങ്ങളെ കൂടി കൊണ്ടുവന്ന് കൂടുതൽ ആകർഷകമായ രീതിയിൽ മൃഗശാല പരിഷ്കരിച്ചതോടെ വിവിധ പ്രദേശങ്ങളിൽനിന്ന് കൂടുതൽ സന്ദർശകർ ദിവസവും എത്തുന്നുണ്ട്.
കുടുംബത്തിന് ഒന്നിച്ച് ടിക്കറ്റെടുക്കുമ്പോൾ ഓരോ അംഗത്തിനും 15 റിയാൽ വീതവും മറ്റുള്ളവർക്ക് 20 റിയാൽ വീതവുമാണ് പ്രവേശന ടിക്കറ്റിന് നിരക്ക് ഈടാക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന വിവിധതരം മൃഗങ്ങൾ വിസ്മയക്കാഴ്ചയാണിവിടെ. സിംഹങ്ങൾ, കടുവകൾ, സീബ്രകൾ, ചീറ്റകൾ, മാനുകൾ, കുരങ്ങുകൾ, ഒട്ടകങ്ങൾ, ലാമകൾ, പൂച്ചകൾ, ഒറിക്സുകൾ, ഒട്ടകങ്ങൾ, ആടുകൾ, കുതിരകൾ, പക്ഷികൾ തുടങ്ങി ഏതാണ്ട് എല്ലാ പക്ഷി മൃഗാദികളെയും മൃഗശാലയിൽ വളരെ അടുത്ത് നിന്ന് കാണാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
വിവിധ ഇനങ്ങളിൽപെട്ട പക്ഷികളും ഇവിടുത്തെ അപൂർവ കാഴ്ചയാണ്. അമേരിക്കൻ കഴുകൻ മുതൽ ഇരപിടിയൻ പക്ഷികൾ, ഒട്ടകപ്പക്ഷി അടക്കം വിവിധ ഇനങ്ങളിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്. 1982ൽ തുറന്ന മൃഗശാലയിൽ വിവിധ ഘട്ടങ്ങളിലായി പുതിയ മൃഗങ്ങളും പക്ഷികളും എത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മലയാളികളുൾപ്പെടെ ധാരാളം സന്ദർശകരാണ് വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു പ്രത്യേക അവധി ദിനങ്ങളിലും ഇവിടെയെത്തുന്നത്.
ത്വാഇഫിലെ പ്രസിദ്ധ ഉല്ലാസ കേന്ദ്രമായ അൽ റുദാഫ് പാർക്കിന്റെ വടക്കൻ ഭാഗത്താണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. വിവിധ ബ്ലോക്കുകൾ, പാറക്കൂട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് മൃഗശാല വ്യാപിച്ചുകിടക്കുന്നത്. മൃഗശാല ഉൾക്കൊള്ളുന്ന പ്രദേശത്ത് പ്രത്യേക പ്രവേശന ടിക്കറ്റെടുത്താൽ ഡോൾഫിൻ പ്രദർശനവും സർക്കസും മറ്റു ഉല്ലാസ കേന്ദ്രങ്ങളും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.