സൗദി ദേശീയ ദിനാഘോഷം; യാംബുവിൽ സൈക്കിൾ റാലി
text_fieldsയാംബു: 94ാം സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാംബുവിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. 130 സൈക്കിൾ യാത്രക്കാർ ദേശീയ പതാകകളും വർണാലങ്കാരങ്ങളും വഹിച്ച് നടത്തിയ റാലി ആളുകളെ ആകർഷിച്ചു. യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിൽ നിന്നാരംഭിച്ച റാലി ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി ഉദ്ഘാടനം ചെയ്തു. റോയൽ കമീഷനിലെ വിവിധ വകുപ്പ് മേധാവികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റാലി യാംബു ടൗൺ ഹെറിറ്റേജ് പാർക്കിൽ സമാപിച്ചു. പ്രാദേശിക സുരക്ഷാസേനകൾ, റോയൽ കമീഷനിലെ വ്യവസായിക സ്ഥാപനങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം റാലിയെ പിന്തുടർന്നു. പല രീതികളിലുള്ള വേഷഭൂഷാദികളും അലങ്കാരങ്ങളും അണിഞ്ഞാണ് ആളുകൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സമാപനത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും സൗദിയുടെ പാരമ്പര്യ കലാപ്രകടനങ്ങളും ഹെറിറ്റേജ് പാർക്കിലെ ഓപൺ സ്റ്റേജിൽ അരങ്ങേറി.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാത്രി കാഴ്ച അത്യാകർഷകമാക്കാൻ മുൻ വർഷത്തെക്കാൾ നല്ല ഒരുക്കമാണ് നഗരിയിലെങ്ങും മുനിസിപ്പൽ അധികൃതരും മറ്റും ഈ വർഷം എടുത്തിട്ടുള്ളത്. നഗരിയിൽ ഹരിതവർണ പതാകകളും സൗദി ഭരണാധികാരികളുടെ കൂറ്റൻ ബാനറുകളും തോരണങ്ങളും കൊണ്ടും വർണ ബൾബുകൾ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്.
വിവിധ പ്രദേശങ്ങളിൽ നടന്ന വർണാഭമായ വിവിധ ആഘോഷ പരിപാടികൾ കാണാൻ കാണികളുടെ ഒഴുക്കായിരുന്നു. യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിലും ടൗൺ ഹിസ്റ്റോറിക്കൽ പാർക്കിലും നടന്ന സാംസ്കാരിക പരിപാടികളിൽ ധാരാളം ആളുകൾ പങ്കെടുത്തു. യാംബുവിലെ അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണയും അരങ്ങേറിയത്.
യാത്രക്കാർക്കും മറ്റും മധുരപലഹാരങ്ങൾ, സൗദി പതാകകൾ, റോസാപ്പൂക്കൾ എന്നിവ വിതരണം ചെയ്തു. വിമാനത്താവളവും പരിസരവും പച്ച വിളക്കുകളും സൗദി ദേശീയ പതാകകളും തോരണങ്ങളുമായി അലങ്കരിച്ചതും ഏറെ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.