സൗദി ദേശീയദിനാഘോഷ ചിഹ്നം പ്രകാശനം ചെയ്തു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന്റെ ചിഹ്നം പ്രകാശനം ചെയ്തു. വിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖ് ആണ് പ്രകാശനം നിർവഹിച്ചത്. വിഷൻ 2030ന്റെ പദ്ധതികളുടെ ആശയം ഉൾപ്പെടുത്തിയാണ് ചിഹ്നം ഒരുക്കിയിരിക്കുന്നത്. രണ്ട് രീതിയിലാണ് ചിഹ്നത്തിലെ ആശയ പ്രകാശനം. വാക്കാലും കലാപരവുമായാണ് ആശയങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ അഭിലാഷം, ബന്ധം, ഐക്യം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊള്ളുന്നതാണ് ചിഹ്നം.
'സൗദി ഞങ്ങളുടെ വീടാണ്' എന്നതാണ് ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം. രാജ്യം അതിലുള്ള എല്ലാവരെയും സംരക്ഷിക്കുകയും അവർക്കായി കഴിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിഹ്ന രൂപകൽപന. വളർച്ച, സുരക്ഷ, അഭിലാഷം, നിശ്ചയദാർഢ്യം, ജ്ഞാനം, വിശ്വസ്തത എന്നിങ്ങനെ രാജ്യവുമായി ബന്ധപ്പെട്ട നിരവധി അർഥങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഒരു കൂട്ടം നിറങ്ങൾ ഉപയോഗിച്ചുള്ള ഡിസൈൻ. തലമുറകളുടെ ഹൃദയങ്ങളിൽ സൗദി സാംസ്കാരിക മൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നതിലും പദ്ധതികൾ ആഘോഷിക്കുന്നതിലും ദേശീയ ദിനത്തിന്റെ പങ്ക് ചിഹ്നം പ്രതിഫലിപ്പിക്കുന്നു.
അസാധ്യമായത് ചെയ്യാനുള്ള അഭിനിവേശവും നിശ്ചയദാർഢ്യവും ഉൾക്കൊള്ളുന്നു. 92-ാം ദേശീയ ദിനത്തിന് അംഗീകൃത ചിഹ്നം ഉപയോഗിക്കാനും ഏകീകരിക്കാനും എല്ലാ സർക്കാർ, സ്വകാര്യ വകുപ്പുകളോടും വിനോദ അതോറിറ്റി ആവശ്യപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.