സൗദി ദേശീയദിനം നാളെ; നാടെങ്ങും ആഘോഷം
text_fieldsറിയാദ്: സൗദി അറേബ്യയുടെ 94ാം ദേശീയദിനം തിങ്കളാഴ്ച. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യം കൊണ്ടാടുന്നത്. ഈ മാസം 18ന് ആരംഭിച്ച ആഘോഷം ഒക്ടോബർ രണ്ടുവരെ തുടരും.
ആഘോഷങ്ങൾക്കിടയിൽ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വെളിപ്പെടുത്തി. നിറം മങ്ങിയതോ മോശം സ്ഥിതിയിലുള്ളതോ ആയ പതാക ഉപയോഗിക്കാൻ പാടില്ല. അത്തരത്തിലുള്ള പതാകകൾ ഉയർത്തുന്നത് വിലക്കിയിട്ടുണ്ട്. പഴകിയ പതാക ഉപയോഗിക്കാൻ പാടില്ല. അതുപോലെ വ്യാപാര മുദ്രയായോ വാണിജ്യ പരസ്യ ആവശ്യത്തിനായോ നിയമത്തിൽ അനുശാസിക്കുന്നതല്ലാത്ത മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
അതുപോലെ എന്തെങ്കിലും വസ്തു കെട്ടുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള ഒരു ഉപകരണമായി പതാകയെ ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശരീരത്തിൽ പതാക പുതപ്പിക്കുകയോ മുദ്രയായി പതിപ്പിക്കുകയോ ചെയ്യരുത്.
ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളിൽ പതാക അച്ചടിക്കുന്നത് ഉൾപ്പെടെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. പതാകയിൽ മറ്റേതെങ്കിലും ലോഗോ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചിഹ്നം പതാകയിൽ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരിക്കണം. പതാക കേടുപാടുകൾ വരുത്താനോ വൃത്തികെട്ടതാക്കാനോ പാടില്ല.
പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിങ്ങുകളോ ഉണ്ടാക്കുന്ന മോശമായ സ്ഥലത്ത് സൂക്ഷിക്കരുത്. പതാക ഉറപ്പിക്കുകയോ പാറിപ്പറക്കാൻ കഴിയാതെ തൂണിലേക്ക് വലിച്ചു കെട്ടുകയോ ചെയ്യരുത്. എന്നാൽ സ്ഥിരമായി നിൽക്കുകയും സ്വതന്ത്രമായി ചലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കണം. അതിന്റെ അരികുകൾ അലങ്കരിക്കുന്നതിൽനിന്നും ഏതെങ്കിലും വിധത്തിൽ കൂട്ടിച്ചേർക്കുന്നതിൽനിന്നും വിട്ടുനിൽക്കണം. സാഹചര്യങ്ങൾ എന്തുതന്നെയായാലും അത് ഒരിക്കലും തലകീഴായി ഉയർത്തരുതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
റിയാദിൽ 18 ഇടങ്ങളിൽ ആഘോഷ പരിപാടികൾ
റിയാദ്: 94ാമത് ദേശീയ ദിനാഘോഷ പരിപാടികൾ റിയാദിൽ അരങ്ങേറുന്നത് 18 സ്ഥലങ്ങളിൽ. വിവിധ പരിപാടികളിലൂടെ ദേശീയ ദിനാഘോഷ അനുഭവം വർധിപ്പിക്കുന്നതിനും അതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും റിയാദ് മുനിസിപ്പാലിറ്റിയാണ് ഇത്രയും സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലെയും പരിപാടികളും പ്രവർത്തനങ്ങളും വൈകീട്ട് നാലിന് ആരംഭിച്ച് രാത്രി 11വരെ നീളുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ലൈറ്റിങ്, സൗന്ദര്യാത്മക മോഡലുകൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, ഫോട്ടോഗ്രഫി ഏരിയ, സുവനീറുകൾ, കാർണിവൽ ഗെയിമുകൾ, കുട്ടികളുടെ ഏരിയ, ഭക്ഷണ പാനീയ മേഖല, സൗദി കോഫി ഹോസ്പിറ്റാലിറ്റി എന്നിവ ആഘോഷ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ആഘോഷത്തിന്റെ പ്രാധാന്യം, ജനങ്ങളെ സേവിക്കുന്നതിൽ മുനിസിപ്പാലിറ്റിയുടെ അഭിലാഷങ്ങൾ, ജനങ്ങളുമായി സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കൽ എന്നിവക്കൊപ്പം ഇവന്റുകൾ സജീവമാക്കുന്നത് ഉറപ്പാക്കുന്ന പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നതെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.
ദേശീയ ദിനത്തിലെ ആഘോഷ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായി. പതാകകളും അലങ്കാരങ്ങളും സ്ഥാപിക്കാനും ആഘോഷങ്ങളുടെ സ്ഥലങ്ങൾ നിർണയിക്കാനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിട്ടുണ്ട്. 8,000 പതാകകളാണ് നഗരത്തിലുടനീളം കൊടിമരങ്ങൾ, തൂണുകൾ, പാലങ്ങൾ, കവലകൾ, ആഘോഷ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചത്. സ്ഥലങ്ങൾക്കനുസരിച്ച് കൊടികളുടെ വലുപ്പം, പ്രദർശന രീതി എന്നിവയിൽ വ്യത്യാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.