ഈ വർഷത്തെ തണുപ്പിന് അത്ര തണുപ്പുണ്ടാവില്ല
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഈ വർഷം തണുപ്പുകാലത്തിന് അത്ര തണുപ്പുണ്ടാവില്ലെന്ന് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി. മുൻ വർഷങ്ങളിൽ അനുഭവപ്പെട്ടതുപോലെ കൊടും ശൈത്യം ഉണ്ടാവില്ലെന്ന് അൽ അഖ്ബാരിയ ചാനലിലെ ‘120 പ്രോഗ്രാം’ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ശൈത്യകാലം ഡിസംബറിെൻറ തുടക്കത്തിൽ ആരംഭിക്കും. തത്വത്തിൽ തണുത്ത ശൈത്യകാലത്തെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ തണുപ്പ് കഠിനമാവാൻ സാധ്യതയില്ല. അന്തരീക്ഷ താപനില കുറവായിരിക്കും. എന്നാൽ അത് കഴിഞ്ഞ വർഷങ്ങളിലേത് പോലെ റെക്കോർഡ് താഴ്ചയിലേക്ക് പോകില്ല.
അതേ സമയം ഈ വർഷം കഠിനവും നീണ്ടതുമായ ശൈത്യകാലമുണ്ടാകുമെന്ന രീതിയിൽ നടക്കുന്ന പ്രചരണം ശരിയല്ല. നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ചില പ്രദേശങ്ങളിൽ താപനിലയിൽ നേരിയ വർധനവുണ്ടാവും എന്ന് മാത്രമാണ്. ഒരു സാധാരണ ശൈത്യകാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
അസാധാരണമായ ശൈത്യകാലത്തെക്കുറിച്ചുള്ള വ്യാപകമായ കിംവദന്തികളുണ്ട്. അത് യാഥാർഥ്യമാവാനിടയില്ല. രാജ്യത്ത് ശൈത്യകാലം സാധാരണ നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് പുറപ്പെടുവിക്കുമെന്നും അതിൽ പൂർണ വിവരങ്ങളും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.