അടുത്ത മാസം മുതൽ സൗദി പൗരന്മാർക്ക് വിസയില്ലാതെ സിംഗപ്പൂരിലെത്താം
text_fieldsറിയാദ്: സൗദി പൗരന്മാർക്ക് ജൂൺ ഒന്നുമുതൽ വിസയില്ലാതെ സിംഗപ്പൂരിലെത്താം. സൗദി പാസ്പോർട്ടുള്ളവരെ വിസ നടപടികളിൽ നിന്നൊഴിവാക്കിയതായി റിയാദിലെ സിംഗപ്പൂർ എംബസിയാണ് അറിയിച്ചത്.
സിംഗപ്പൂർ എമിഗ്രേഷൻ ആൻഡ് ചെക്ക്പോയന്റ് അതോറിറ്റിയുടെ പ്രസ്താവന ഉദ്ധരിച്ചാണ് അറിയിപ്പ് ട്വീറ്റ് ചെയ്തത്. ഇക്കൊല്ലം ജൂൺ ഒന്നുമുതൽ സൗദി പൗരന്മാർ സിംഗപ്പൂരിലെത്താൻ എൻട്രി വിസക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിപ്പിൽ പറയുന്നു. സിംഗപ്പൂർ വിസ ആവശ്യകതകളിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള സൗദി നയതന്ത്ര പാസ്പോർട്ടുകൾ ഉള്ളവരൊഴികെ, മറ്റ് സൗദി പൗരന്മാർ ജൂൺ ഒന്നിനുമുമ്പ് സിംഗപ്പൂരിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എൻട്രി വിസക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും പ്രസ്താവന തുടർന്നു. എൻട്രി വിസ ലഭിക്കുകയോ വിസക്കുള്ള അപേക്ഷ സ്വീകരിക്കപ്പെടുകയോ ചെയ്തവർക്ക് വിസ ഫീസ് തിരികെ നൽകുന്നതല്ലെന്നും അറിയിപ്പിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗദി-സിംഗപ്പൂർ കമ്മിറ്റി നവംബറിൽ സിംഗപ്പൂരിൽ രണ്ടാമത് യോഗം ചേർന്നതിന് പിന്നാലെയാണ് നടപടി.
ഗതാഗതമന്ത്രി സാലിഹ് അൽ ജാസറാണ് യോഗത്തിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിച്ചത്. ഗതാഗതം, ചരക്കുനീക്കം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, വ്യവസായം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, നിക്ഷേപവും സാമ്പത്തികവും, വിനോദസഞ്ചാരം, സംസ്കാരം എന്നീ മേഖലകളിലെ നിരവധി സംരംഭങ്ങളെക്കുറിച്ച് ഇരുപക്ഷവും അന്ന് ചർച്ച ചെയ്തിരുന്നു. സിംഗപ്പൂർ ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത മന്ത്രിയുടെ സാന്നിധ്യത്തിൽ ഗതാഗത മേഖലയിലെ രണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അൽബേനിയ, കൊസോവോ, മോണ്ടിനെഗ്രോ, കസാഖ്സ്താൻ എന്നീ രാജ്യങ്ങളും സൗദി പാസ്പോർട്ടുള്ളവർക്ക് ഒരു വർഷത്തേക്ക് വിസ ആവശ്യമില്ലെന്ന തീരുമാനം കൈക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.