സൗദി പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് തുടരും
text_fieldsജിദ്ദ: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി പൗരന്മാർക്ക് നിലവിൽ 16 രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസാത്) അറിയിച്ചു. ഇന്ത്യ, ഇന്തോനേഷ്യ, ലബനാൻ, തുർക്കി, യമൻ, സിറിയ, ഇറാൻ, സോമാലിയ, അഫ്ഗാനിസ്താൻ, വെനിസ്വേല, അർമീനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലറൂസ്, വിയറ്റ്നാം, ഇത്യോപ്യ എന്നീ രാജ്യങ്ങളാണ് സൗദി പൗരന്മാർക്ക് യാത്ര നിരോധിച്ച രാജ്യങ്ങൾ. അറേബ്യൻ രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിന്റെ കാലാവധി ആറുമാസത്തിൽ കൂടുതലായിരിക്കണമെന്നും ജവാസാത് വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പാസ്പോർട്ടിന്റെ കാലാവധി മൂന്നു മാസത്തിൽ കൂടുതലായിരിക്കണം. ആറ് ജി.സി.സി രാജ്യങ്ങളിലെ യാത്രക്ക് സൗദി പൗരന്മാരുടെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ കാലാവധി മൂന്നുമാസത്തിൽ കൂടുതലായിരിക്കണം. അബ്ഷീർ, തവക്കൽന ആപ്പുകളിൽ ലഭിക്കുന്ന ദേശീയ തിരിച്ചറിയൽ കാർഡുകളുടെ സോഫ്റ്റ് കോപ്പി ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പര്യാപ്തമല്ലെന്നും പ്രിന്റഡ് കാർഡ് തന്നെ വേണമെന്നും ജവാസാത് ആവർത്തിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സ്വദേശികളുടെ ആശ്രിതരുടെ തെളിവ് രേഖക്ക് പുറമെ യാത്രക്കായി അവരുടെ യഥാർഥ ഐഡി കാർഡും കുടുംബ രജിസ്ട്രിയും ഹാജരാക്കണം.
രാജ്യത്തിന് പുറത്ത് യാത്രചെയ്യുന്നതിന് സ്വദേശികൾ കോവിഡ് വാക്സിൻ മൂന്ന് ഡോസ് എടുത്തവരോ അല്ലെങ്കിൽ രണ്ട് ഡോസുകൾ എടുത്ത് മൂന്നുമാസം പിന്നിട്ടിട്ടില്ലാത്തവരോ ആവണം. എന്നാൽ, തവക്കൽന ആപ്പിലെ സ്റ്റാറ്റസ് അനുസരിച്ച് മെഡിക്കൽ കാരണങ്ങളാൽ ഇളവ് ലഭിച്ചവർക്ക് യാത്ര ചെയ്യുന്നതിനുള്ള നിബന്ധനയിലും ഇളവുകൾ ഉണ്ടായിരിക്കും. 12ഉം 16ഉം വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നൽകണമെന്നും 12ൽ താഴെ പ്രായമുള്ളവരുടെ യാത്രക്ക് കോവിഡിനെതിരെ ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണെന്നും ജവാസാത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.