'പുറംകളി' താരമാക്കി; ഡാക്കർ റാലി വാഹനത്തെ മറികടന്ന സൗദി പൗരൻ വൈറലായി
text_fieldsജിദ്ദ: ഡാറ്റ്‌സൺ പിക്കപ്പ് ഓടിച്ചു ഡാക്കർ റാലി മത്സരാർഥികളിലൊരാളെ മറികടന്ന സ്വദേശി പൗരൻ മിശ്അൽ അൽശലവി സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയ 'താര' മായി. ത്വാഇഫിലെ മിസാൻ ഗവർണറേറ്റിലെ മർകസ് അബൂറാകയിലെ മർറ ഗ്രാമത്തിന് സമീപത്തെ മരുഭൂമിയിലൂടെ ഡാക്കർ റാലി വാഹനം കടന്നുപോയപ്പോഴാണ് മിശ്അൽ അൽശലവി തെൻറ പിക്കപ്പ് വാനുമായി ഡാക്കർ മത്സരാർഥികളിലൊരാളെ മറികടന്ന് വെല്ലുന്ന പ്രകടനം കാഴ്ച വെച്ചത്.
റൈഡറുടെ വാഹനത്തെ അനുഗമിക്കുന്ന ദൃശ്യം റാലിയെ അനുഗമിക്കുന്ന ഹെലികോപ്റ്ററിലെ ഫോട്ടോഗ്രാഫറാണ് പകർത്തിയത്. ശേഷം എല്ലാ സാമൂഹിക മാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചതോടെ മിശ്അൽ ജനപ്രിയനാകുകയായിരുന്നു. ബെൽജിയൻ ഡ്രൈവർ പാസ്കൽ ഫെറിനോ ഓടിച്ച വാഹനമാണ് വീടിനടുത്ത മരുഭൂമിയിലൂടെ കടന്നുപോയപ്പോൾ സമാന്തര പാതയിലൂടെ കുറച്ച് ദൂരം മിശ്അൽ തെൻറ പിക്കപ്പ് ഓടിച്ച് മറികടക്കാൻ തുനിഞ്ഞത്.
ഞങ്ങൾ ആടുകളെ മേയ്ക്കാൻ പോകുകയായിരുന്നു. അപ്പോൾ ഒരാവേശം തോന്നിയെന്നാണ് യൂനിവേഴ്സിറ്റി വിദ്യാർഥിയായ 24 കാരൻ മിശ്അൽ അൽശലവി പ്രാദേശിക പത്രങ്ങളോട് പറഞ്ഞത്. അതിരാവിലെ സുഹൃത് സഹ്ൽ അൽശലവിക്കൊപ്പമാണ് താഴ്വരയിലേക്ക് പുറപ്പെട്ടത്. മത്സരത്തിെൻറ ഗതിയെ ബാധിക്കാതിരിക്കാൻ അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങളുടെ കന്നുകാലികളെ പുറത്തുവിടാതിരിക്കാനും പരിപാലിക്കാനും സംരക്ഷിക്കുന്നതിനായാണ് പോയത്. റാലിയിലെ മത്സരാർഥികൾ ഞങ്ങളെ അമ്പരപ്പിച്ചു. റാലി ട്രാക്കിൽ നിന്ന് അകലെ കുറച്ച് ദൂരം അവരോടൊപ്പം തുടരാൻ ഞങ്ങൾ ആഗ്രഹിച്ചു. സുഹൃത്ത് സഹ്ലാണ് എന്നെ സാഹസികതക്ക് പ്രേരിപ്പിച്ചത്. മത്സര ട്രാക്കിന് സമാന്തരമായി ഞാൻ കുതിച്ചു. എെൻറ 2015 മോഡൽ പിക്കപ്പ് മൺകൂനകൾക്ക് മുകളിലൂടെ 110 വേഗതയിൽ ഓടിച്ചു. ഡാക്കാർ റാലിയിലെ ഡ്രൈവർമാരിൽ ഒരാളെ മറികടന്നു. അപ്പോൾ യാദൃശ്ചികമായി ഞാൻ റേസിങ് ക്യാമറയിൽ കുടുങ്ങിയെന്നും മിശ്അൽ അൽശലാവി പറഞ്ഞു.
ഞങ്ങൾ മരുഭൂമിയിലാണ്. റാലി നടത്താൻ ശീലിച്ചവരാണ്. അത് ഞങ്ങളുടെ ഒരു ഹോബിയാണ്. ദിവസവും രാവിലെ ദുർബ്ബലവും വിജനവുമായ റോഡുകളിലൂടെ കന്നുകാലികളുടെ അടുക്കലേക്ക് പോയി അവയെ മേയ്ക്കുന്നു. കായിക വിനോദത്തോടുള്ള താൽപര്യമാണ് എന്നെ ഇങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. വർഷങ്ങളായി ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുകയും മറ്റ് കായിക ഇനങ്ങളേക്കാൾ കാർ റാലികളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിൽ പങ്കാളികളിലൊരാളാകാൻ ആഗ്രഹിച്ചിരുന്നു. സ്ക്രീനുകളിൽ മത്സരത്തെ പിന്തുടരാറുണ്ട്. കായികരംഗത്ത് റോൾ മോഡൽ സൗദി ചാമ്പ്യൻ യാസിദ് അൽറാജിഹിയാണെന്നും മിശ്അൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.