അന്താരാഷ്ട്ര സേനാഭ്യാസപ്രകടനത്തിൽ പങ്കെടുത്ത് സൗദി നേവൽ ഫോഴ്സ്
text_fieldsയാംബു: സമുദ്ര സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അറബിക്കടലിലും ചെങ്കടലിലും നടന്ന അന്താരാഷ്ട്ര അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത് റോയൽ സൗദി നേവൽ ഫോഴ്സ്. ബഹ്റൈനിലെ ‘അഞ്ചാം ഫ്ലീറ്റ്’ ആസ്ഥാനത്ത് സംഘടിപ്പിച്ച സംയുക്ത സമുദ്ര സേനാ പരിശീലന പരിപാടി 18 ദിവസവും നീണ്ടു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമുദ്രാഭ്യാസമാണ് നടന്നതെന്നും മികച്ച പരിശീലനം പൂർത്തിയാക്കിയാണ് സൗദി നാവിക സേന തിരിച്ചെത്തിയതെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വിവിധ രാജ്യങ്ങളിലെ പ്രാദേശിക, അന്തർദേശീയ സംവിധാനങ്ങൾ, 30 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ, റോബോട്ടിക് സംവിധാനങ്ങൾ, 35 മറൈൻ കപ്പലുകൾ എന്നിവ പരിശീലന പരിപാടികളിൽ ഉപയോഗപ്പെടുത്തിയിരുന്നു. 50ലധികം രാജ്യങ്ങളിൽനിന്നുള്ള 7,000 പേർ അഭ്യാസത്തിൽ പങ്കെടുത്തു. ബഹ്റൈൻ, ജോർഡൻ, കെനിയ, സൗദി അറേബ്യ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള സൈനികരാണ് അഭ്യാസത്തിൽ പങ്കെടുത്തത്.
അറേബ്യൻ ഉൾക്കടൽ, അറബിക്കടൽ, ഒമാൻ ഉൾക്കടൽ, ഗൾഫ് ഓഫ് ഏദൻ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രം, കിഴക്കൻ ആഫ്രിക്കൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തന മേഖലകളിലെ നിരവധി സമുദ്ര സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പഠനവിധേയമാക്കിയുള്ള അഭ്യാസ പദ്ധതികളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. സ്പെഷൽ മാരിടൈം സെക്യൂരിറ്റി ഫോഴ്സിൽനിന്നുള്ള വിദഗ്ധ ടീമുകൾക്കൊപ്പം പങ്കെടുത്ത റോയൽ സൗദി നേവൽ ഫോഴ്സ്, ബഹ്റൈനിലും ജോർഡനിലും നടന്ന അഭ്യാസ പ്രകടനങ്ങളിൽ ‘മൈൻ വാർഫെയർ ഗ്രൂപ്പി’നെ നയിച്ചു.
യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡിലെ വൈസ് അഡ്മിൻ ബ്രാഡ് കൂപ്പർ വ്യായാമ കമാൻഡറായി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. യു.എ.ഇ, ഫ്രാൻസ്, പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ ഡെപ്യൂട്ടി കമാൻഡർ, വൈസ് കമാൻഡർ, ചീഫ് ഓഫ് സ്റ്റാഫ്, മാരിടൈം ഓപറേഷൻസ് സെന്റർ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.