ഹജറുല് അസ്വദ് നിത്യവും തഴുകിത്തലോടി ഒരു മലയാളി
text_fieldsറിയാദ്: മക്കയിൽ കഅ്ബയുടെ ഭാഗമായ ഹജറുൽ അസ്വദിനെ നിത്യവും തഴുകിത്തലോടാൻ ലഭിച്ച സൗഭാഗ്യത്തിൽ ആത്മീയ സായൂജ്യമടഞ്ഞ് ഒരു മലയാളി ശുചീകരണ തൊഴിലാളി. കാസർകോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹനീഫ അബ്ദുല്ലയാണ് (47) വർഷങ്ങളായി ഇൗ അസുലഭ ഭാഗ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വപ്നസാക്ഷാത്കാരമായി മക്കയിൽ ഹജ്ജിനും ഉംറക്കും എത്തുന്ന തീർഥാടകരുടെ സ്വപ്നങ്ങളിലൊന്നാണ് കഅ്ബയുടെ മൂലശിലയായ 'ഹജറുൽ അസ്വദി'നെ തൊടുകയും ചുംബിക്കുകയും ചെയ്യുക എന്നത്.
എന്നാൽ, പലപ്പോഴും ആ സ്വപ്നം ബാക്കിയാക്കി മടങ്ങാനാണ് തീർഥാടകർക്ക് വിധി. ജനത്തിരക്ക് കാരണം എല്ലാവർക്കും അതിൽ സ്പർശിക്കാൻ കഴിഞ്ഞെന്നുവരില്ല. തൊട്ടകലെനിന്ന് കണ്ടുമടങ്ങാനായിരിക്കും പലർക്കും കഴിയുക. എന്നാൽ, ഒരു ശുചീകരണ തൊഴിലാളി എന്നനിലയിൽ മുഹമ്മദ് ഹനീഫ അബ്ദുല്ലക്ക് എല്ലാദിവസവും ഇൗഭാഗ്യം അനുഭവവേദ്യമാകുന്നു. മക്കയിൽ ശുചീകരണ തൊഴിലാളിയായി 24 വർഷം മുമ്പ് എത്തിയ ഹനീഫക്ക് മക്ക ഹറമിെൻറ അകവും പുറവും ശുചീകരിക്കാൻ പലതവണ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇതിെൻറ ഭാഗമായി ഹജറുൽ അസ്വദിനെ തൊടാനും തഴുകാനും സുഗന്ധം പൂശാനും വർഷങ്ങളായി ഭാഗ്യംലഭിക്കുന്നു. 12 തവണ കഅ്ബയുടെ അകത്തുകയറി സുഗന്ധം പൂശാൻ അവസരം ലഭിച്ച അപൂർവ ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. കഅ്ബയുടെ മുകൾ ഭാഗത്തുകയറി ശുചീകരണം നടത്താനും കഴിഞ്ഞിട്ടുണ്ട്. ചെറിയ ശമ്പളത്തിനാണ് ജോലിയെങ്കിലും ഹനീഫ സന്തോഷവാനാണ്. നല്ല ശമ്പളത്തിന് മക്കക്ക് പുറത്ത് പലതവണ ജോലിവാഗ്ദാനങ്ങൾ ഹനീഫയെ തേടിയെത്തിയപ്പോഴും മക്കയുടെ ചാരത്തെ ഈ പണിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഹറവും പരിസരവും വിട്ടുപോവുക എന്നത് ചിന്തിക്കാൻകൂടി കഴിയാത്ത അവസ്ഥയാണ് ഇന്ന് ഹനീഫക്ക്. 1997ൽ ശുചീകരണ തൊഴിലാളിയായി മക്കയിൽ എത്തിയ ഹനീഫ ഹറമിലെ ഓഫിസ് ബോയ് പണി മുതൽ ഹജറുൽ അസ്വദിനെ സുഗന്ധം പൂശുന്ന ജോലിവരെ ചെയ്ത് മുന്നോട്ടുപോകുന്നു. ലോകനേതാക്കൾക്ക് സമീപംനിന്ന് നമസ്കരിക്കാനും പലതവണ അവസരം ലഭിച്ചിട്ടുണ്ട്. അവരെ തൊട്ടടുത്തുനിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് ഹനീഫ പറയുന്നു. രാജാവും ശുചീകരണ തൊഴിലാളിയും തുല്യരാണെന്ന തിരിച്ചറിവ് നൽകാൻ ഹറമിലെ കാഴ്ചകൾ സഹായിച്ചിട്ടുണ്ടെന്ന് ഹനീഫ പറയുന്നു.
ഹജ്ജിനും ഉംറക്കുമെത്തി വഴിയറിയാതെ കുഴയുന്ന ഹാജിമാർക്ക് ഹനീഫ വഴികാട്ടികൂടിയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന ഹാജിമാർക്ക് സേവനംചെയ്യാൻ കഴിയുന്നത് പുണ്യമായി കൊണ്ടുനടക്കുന്ന ഹനീഫക്ക് മരണംവരെ മക്കയെ തൊട്ടും തലോടിയും സേവകനായി കഴിയണം എന്നുതന്നെയാണ് ജീവിതാഭിലാഷം. ഈ മണ്ണിൽതന്നെ കഅ്ബയുടെ ബാങ്കുവിളികേട്ട് അന്ത്യവിശ്രമം കൊള്ളണം എന്നാണ് ആഗ്രഹവും. ഹാജിമാർക്ക് സേവനം നൽകുന്ന 'വിഖായ' തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും മുഹമ്മദ് ഹനീഫയുണ്ട്. അബ്ദുല്ലയാണ് പിതാവ്. ഖദീജ മാതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.