സൗദി ഉദ്യോഗസ്ഥർ തെഹ്റാനിൽ; ഇറാൻ സംഘം സൗദിയിൽ
text_fieldsറിയാദ്: നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി സൗദിയുടെയും ഇറാന്റെയും ഉദ്യോഗസ്ഥ സംഘങ്ങൾ ഇരു രാജ്യങ്ങളിലുമെത്തി.നയതന്ത്ര കാര്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാണ് സംഘം പരസ്പരം രാജ്യങ്ങൾ സന്ദർശിക്കുന്നത്.
ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തിയ സൗദി സംഘം കാര്യാലയം പ്രവർത്തിക്കേണ്ട കെട്ടിടം പരിശോധിച്ചു. കഴിഞ്ഞ മാസം 10ന് ചൈനീസ് തലസ്ഥാനത്ത് ഒപ്പുവെച്ച ത്രിരാഷ്ട്ര കരാറിന്റെ അടിസ്ഥാനത്തിൽ നയതന്ത്രദൗത്യം പുനരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കാണ് നാസർ ബിൻ അവാദ് അൽ ഗനൂമിന്റെ നേതൃത്വത്തിലുള്ള സംഘം തെഹ്റാനിലെത്തിയത്.അതേ രീതിയിൽ, റിയാദിലെ തങ്ങളുടെ എംബസി പരിശോധിക്കുന്നതിനും വീണ്ടും തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കുമായി ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സൗദിയിലുമെത്തി.
റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കാണ് ഇറാൻ പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും തമ്മിൽ ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചക്ക് മൂന്നുദിവസത്തിന് ശേഷമാണ് സൗദി പ്രതിനിധികൾ ഇറാനിലെത്തിയത്. എത്തിച്ചേർന്ന ആദ്യദിനത്തിൽ തന്നെ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായി സംഘം ചർച്ച നടത്തിയിരുന്നു.
ഹജ്ജിനു മുമ്പ് സൗദിയിൽ കാര്യാലയങ്ങൾ തുറക്കാൻ ശ്രമം -ഇറാൻ
ജിദ്ദ: ഹജ്ജ് സീസണിന് മുമ്പ് സൗദി അറേബ്യയിൽ തങ്ങളുടെ മിഷൻ തുറക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തെഹ്റാൻ ശ്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനിൽ (ഒ.െഎ.സി) ഇറാെൻറ സ്ഥിരം പ്രാതിനിധ്യം സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്യുമെന്നും വക്താവ് പറഞ്ഞു.
നയതന്ത്രബന്ധം പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ തങ്ങളുടെ എംബസിയും കോൺസുലേറ്റും തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി ഇറാനിയൻ സംഘമെത്തി. റിയാദിൽ എംബസിയും ജിദ്ദയിൽ കോൺസുലേറ്റും തുറക്കുന്നതിനുള്ള നടപടികൾക്കായാണ് തെഹ്റാനിൽനിന്നുള്ള പ്രതിനിധി സംഘം റിയാദിലെത്തിയത്. ഇറാൻ പ്രതിനിധി സംഘം സൗദിയിലെത്തിയ വിവരം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനിയെ ഉദ്ധരിച്ച് ഔദ്യോഗിക ഇറാനിയൻ ടി.വി അൽആലമാണ് റിപ്പോർട്ട് ചെയ്തത്.
അടുത്തിടെയാണ് ചൈനയുടെ മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിലെ നയതന്ത്രബന്ധം ആരംഭിക്കുന്നതിനും പരമാവധി രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികൾ പുനരാരംഭിക്കുന്നതിനും ധാരണയിലെത്തിയത്. തീരുമാനത്തെ അറബ്, അന്താരാഷ്ട്ര സമൂഹം പരക്കെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. സൗദി സാങ്കേതിക പ്രതിനിധി സംഘം കഴിഞ്ഞ ശനിയാഴ്ച തെഹ്റാൻ സന്ദർശിച്ചിരുന്നു. ഇറാനിൽ സൗദിയുടെ എംബസിയും കോൺസുലേറ്റും തുറക്കുന്നതിന് സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇറാനിലെ മശ്ഹദിൽ സൗദി എംബസി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.