സൗദി ഒ.ഐ.സി.സി പുനഃസംഘടന അന്തിമഘട്ടത്തിൽ
text_fieldsദമ്മാം: കെ.പി.സി.സി പോഷകസംഘടനയായ ഒ.ഐ.സി.സിയുടെ സൗദി അറേബ്യയിലെ സംഘടന തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിൽ. വിവിധ റീജനൽ കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള ജില്ല, ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തീകരിച്ചെന്നും റീജനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തുടക്കം കുറിച്ചെന്നും സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ദമ്മാം, റിയാദ്, ജിദ്ദ, അബഹ ഘടകങ്ങളിൽ പുതിയ റീജനൽ കമ്മിറ്റികൾ നിലവിൽ വരും.
കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് പുതുക്കിയ അംഗത്വത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന തെരഞ്ഞെടുപ്പ്. മാസങ്ങളോളം നീണ്ടുനിന്ന കാമ്പയിനിലൂടെയാണ് അംഗങ്ങളെ ചേർത്തത്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും ഒപ്പിട്ട അംഗത്വകാർഡുകൾ എല്ലാവർക്കും വിതരണം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്.
റീജനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർണമായാൽ വിവിധ റീജനൽ കമ്മിറ്റികളിൽനിന്ന് നാഷനൽ കമ്മിറ്റിയിലേക്ക് വരുന്ന പ്രതിനിധികളെ ഉൾപ്പെടുത്തി സൗദി നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിക്കും.
റിയാദിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് രണ്ടുപേർ രംഗത്തുണ്ടെങ്കിലും സമവായമായി. ആദ്യ ഊഴത്തിൽ അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡൻറാവും. ശേഷമുള്ള കാലയളവിൽ സലീം കളക്കര പ്രസിഡൻറാവും. അബ്ദുല്ല വല്ലാഞ്ചിറ ഒരു വർഷത്തിനു ശേഷം പ്രവാസം അവസാനിപ്പിക്കുമെന്നിരിക്കെയാണത്രെ മത്സരം ഒഴിവാക്കി സമവായമുണ്ടാക്കിയത്.
ദമ്മാമിൽ പ്രസിഡൻറ് പദത്തിനായി മൂന്നുപേർ; തെരഞ്ഞെടുപ്പ് എട്ടിന്
ദമ്മാം: ആറു വർഷത്തിനു ശേഷം ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് രംഗത്തുള്ളത്. സമവായ ശ്രമങ്ങൾ വിഫലമായതോടെ ജനാധിപത്യരീതിയിൽ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ ആറുവർഷം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇ.കെ. സലീം, വൈസ് പ്രസിഡൻറ് ഹനീഫ റാവുത്തർ, നാഷനൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട് എന്നിവരാണ് മത്സരരംഗത്തുള്ളത്. കടുത്ത മത്സരത്തിന് സാധ്യത തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ദമ്മാമിലെ ഒ.ഐ.സി.സി പ്രവർത്തകർ മാറിക്കഴിഞ്ഞു. മൂന്നു പേരും വ്യത്യസ്ത മേഖലകളിൽ പ്രവർത്തകർക്ക് പ്രിയപ്പെട്ടരാണ് എന്നതാണ് തെരഞ്ഞെടുപ്പിനെ ആവേശകരമാക്കുന്നത്.
വോട്ടുചോദിക്കലും പ്രസ്താവന ഇറക്കലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നു. മൂന്നുപേരും തങ്ങളുടെ ജില്ല കമ്മിറ്റികളുടെ ഏകപക്ഷീയ പിന്തുണ ഉറപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഒ.ഐ.സി.സി നേതാക്കളായ റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത് എന്നിവരെ ദമ്മാമിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുന്നതിനുള്ള റിട്ടേണിങ് ഓഫിസർമാരായി നാഷനൽ കമ്മിറ്റി നിയമിച്ചതായും മറ്റു റീജനൽ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് ചുമതലകൾക്കുള്ള ഭാരവാഹികളെ വരും ദിവസങ്ങളിൽ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ അനുമതിയോടെ നാഷനൽ കമ്മിറ്റി നിയമിക്കുമെന്നും ബിജു കല്ലുമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.