സൗദിയുടെ എണ്ണയുൽപാദനം വെട്ടികുറയ്ക്കൽ മാർച്ച് വരെ നീട്ടി
text_fieldsയാംബു: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു.
ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച വെട്ടികുറയ്ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും.
റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു. എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഇതെന്ന് സൗദി ഊർജ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് രാജ്യങ്ങളും (ഒപെക്) സൗദി അറേബ്യയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നേരത്തേ പറഞ്ഞിരുന്നു.
സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ ഒ.ഇ.സി.ഡിയിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും 2023ലെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണവിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.