റിയാദിൽ സൗദി ഓർക്കസ്ട്രയുടെ സംഗീത കച്ചേരി ജനുവരി 16 മുതൽ 18 വരെ
text_fieldsറിയാദ്: സൗദി ഓർക്കസ്ട്രയുടെ സംഗീത കച്ചേരി ജനുവരി 16 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിലായി റിയാദിലെ കിങ് ഫഹദ് കൾചറൽ സെന്ററിൽ സംഘടിപ്പിക്കും. രാജ്യത്തെ സംഗീതരംഗം സമ്പന്നമാക്കാൻ മ്യൂസിക് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. സൗദി ഓർക്കസ്ട്രയുടെ സൗദി മണ്ണിലെ ആദ്യ പരിപാടിയാണ് നടക്കാനൊരുങ്ങുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാന്റെ നേരിട്ടുള്ള നേതൃത്വത്തിന് കീഴിലാണ് പരിപാടി. സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായക സംഘത്തിന്റെയും ആഗോള പര്യടന പരമ്പരയിലെ ആറാമത്തെ വേദിയാണ് റിയാദിലെ കച്ചേരി. പാരിസിലാണ് സൗദി ഓർക്കസ്ട്ര കച്ചേരിയുടെ തുടക്കം. തുടർന്ന് മെക്സിക്കോ, ന്യൂയോർക്, ലണ്ടൻ, ജപ്പാൻ എന്നിവിടങ്ങളിലെ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര തിയറ്ററുകളിൽ കച്ചേരികൾ അരങ്ങേറി. സൗദി പൈതൃകത്തിന്റെ ഈണങ്ങളുടെ പ്രതിധ്വനികൾ കൊണ്ട് സൗദി ഗായക സംഘം നടത്തിയ കച്ചേരി ലോകത്തെ വിസ്മയിപ്പിച്ചു.
റിയാദിൽ സംഗീത കച്ചേരി സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സംഗീതരംഗം സമ്പന്നമാക്കാനും പ്രാദേശിക ഗാനത്തിന്റെ സൗന്ദര്യം ആഘോഷിക്കാനും അതിന്റെ ഈണങ്ങളുടെ മൗലികതയിലും ചരിത്രത്തിന്റെ വിപുലീകരണത്തിലും അഭിമാനിക്കാനും സൗദി പാട്ടിന്റെ സംഗീത പാരമ്പര്യം സംരക്ഷിക്കാനുമാണ് സൗദി സംഗീത അതോറിറ്റി ലക്ഷ്യമിടുന്നത്. അതോടൊപ്പം സൗദി നാഷനൽ ഓർക്കസ്ട്രയുടെയും ഗായകസംഘത്തിന്റെയും കച്ചേരിയിൽ പങ്കെടുക്കാനുള്ള അവസരം രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.