സൗദി, ഫലസ്തീൻ ആരോഗ്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsയാംബു: ഇസ്രായേൽ ആക്രമങ്ങളിൽ കൊടിയ പ്രതിസന്ധിയിലായ ഫലസ്തീൻ ജനതയുടെ ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണം സജീവമാക്കാൻ സൗദി, ഫലസ്തീൻ ആരോഗ്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സൗദി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ, ഫലസ്തീൻ ആരോഗ്യ മന്ത്രി ഡോ. മാജിദ് അവ്നി മുഹമ്മദ് അബു റമദാൻ എന്നിവർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ മൊഹ്സെൻ ബിൻ ഖത്തീലയുടെ സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രിമാർ സുപ്രധാനമായ സംയുക്ത സഹകരണത്തിന്റെ വഴികൾ ചർച്ച ചെയ്തത്. ജനീവയിൽ ഫലസ്തീൻ കൗൺസിലർ മജീദ് അബു റമദാനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഫലസ്തീൻ ജനത ഇപ്പോൾ അഭിമുഖീകരിക്കുന്ന ആരോഗ്യ മേഖലയിലെ പ്രതിസന്ധികളും ആരോഗ്യ പരിപാലന മേഖലയിൽ അടിയന്തരമായി നടത്തേണ്ടുന്ന ഇടപെടലുകളെക്കുറിച്ചും ചർച്ചയിൽ ഇരുവരും സംസാരിച്ചു.
ഫലസ്തീൻ ജനതക്കുവേണ്ടി സൗദിയുടെ നിരന്തരമായ സഹായത്തിനും വർധിച്ച പിന്തുണക്കും ഫലസ്തീൻ ജനതയുടെ കടപ്പാടും രാജ്യത്തിന്റെ പ്രതിബദ്ധതയും ഫലസ്തീൻ ആരോഗ്യമന്ത്രി ആവർത്തിച്ച് അറിയിച്ചു. സൗദി അറേബ്യയും ഫലസ്തീനും തമ്മിലുള്ള ചരിത്രപരവും വ്യതിരിക്തവുമായ ബന്ധത്തിന്റെ ആഴം സൗദി ആരോഗ്യ മന്ത്രി ചർച്ചയിൽ ഊന്നിപ്പറഞ്ഞു, വിവിധ മേഖല കളിൽ പ്രത്യേകിച്ച് ആരോഗ്യരംഗത്ത് ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന രാജ്യത്തിന്റെ നിരന്തരമായ താൽപര്യം മന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്ക് സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങളിലെ പട്ടികയിൽ സൗദി ഒന്നാം സ്ഥാനത്താണ്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് സൗദി ഭരണകൂടം ഇതിനകം നൽകിയ സഹായം ഏറെ വലുതാണ്. മരുന്ന്, ഭക്ഷണം, പാർപ്പിട നിർമാണ സഹായം, ചികിത്സക്കായി വേണ്ട സാമഗ്രികളും സംവിധാനങ്ങളുമെല്ലാം സൗദി നൽകുന്നത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീൻ ജനതയോടൊപ്പം നിൽക്കാൻ സൗദിയുടെ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂട്ടിലാണ് സഹായം നൽകുന്നതെന്നും അധികൃതർ അറിയിച്ചു. ഫലസ്തീൻ ജനതക്കുള്ള സൗദിയുടെ തുടർച്ചയായ പിന്തുണയെ ഫലസ്തീൻ എപ്പോഴും നന്ദിയോടെ പ്രശംസിക്കുന്നുവെന്നും ആരോഗ്യ മേഖലയിൽ ഇനിയും ഫലസ്തീൻ ജനതയുടെ പുനരുദ്ധാനത്തിന് സംയുക്ത സഹകരണം അനിവാര്യമാണെന്നും ഫലസ്തീൻ മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.