എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിവയിൽ സൗദി- ഫിലിപ്പീൻസ് സഹകരണം
text_fieldsറിയാദ്: പെട്രോളിയം, പെട്രോ കെമിക്കൽസ്, വാതകം, വൈദ്യുതി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പിച്ച് സൗദി അറേബ്യയും ഫിലിപ്പീൻസും. ഇതിനായുള്ള കരാറിൽ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഫിലിപ്പീൻസ് ഊർജ മന്ത്രി റാഫേൽ ലുട്ടെലയും ഒപ്പുവെച്ചു. സീറോ കാർബൺ സമ്പദ് വ്യവസ്ഥയിലും അതിെൻറ സാങ്കേതിക വിദ്യകളിലും സഹകരണം വികസിപ്പിക്കൽ കരാറിലുൾപ്പെടും. കാർബൺ പിടിച്ചെടുക്കൽ, അതിന്റെ പുനരുപയോഗം, നീക്കംചെയ്യൽ, സംഭരണം എന്നിങ്ങനെയുള്ള കാലാവസ്ഥാ വ്യതിയാനത്തിെൻറ ഫലങ്ങൾ കുറക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്നൊവേഷൻ, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ധാരണപത്രത്തിൽ ഉൾപ്പെടുന്നു. നിർമാണ മേഖലയിലും മറ്റ് മേഖലകളിലും സുസ്ഥിരമായ പോളിമെറിക് വസ്തുക്കളുടെ ഉപയോഗത്തിനും വികസനത്തിനും പുറമെ എല്ലാ ഊർജ മേഖലകളുമായി ബന്ധപ്പെട്ട സാമഗ്രികൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവ സ്വദേശിവത്കരിക്കാനുള്ള ഗുണപരമായ പങ്കാളിത്തം വികസിപ്പിക്കേണ്ടതിെൻറ പ്രാധാന്യം കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ ഇരു മന്ത്രിമാരും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യമുള്ള വിഷയങ്ങൾ, പെട്രോളിയം, അതിെൻറ വിതരണം, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സഹകരണവും വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.