വ്യവസായ, ഖനന മേഖലകളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാൻ പദ്ധതിയുമായി സൗദി
text_fieldsഅൽഖോബാർ: വ്യവസായിക, ഖനന മേഖലകളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാൻ മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചതായി സൗദി വ്യവസായ ഡെപ്യൂട്ടി മന്ത്രി ഫാരിസ് ബിൻ സാലിഹ് അൽ സഖാബി. വനിതകൾക്ക് സൗദി സർവകലാശാലകളിൽനിന്ന് യോഗ്യത നേടുന്നതിനും രാജ്യത്തിന്റെ വ്യവസായിക മേഖലയെ പിന്തുണക്കുന്ന സ്പെഷലൈസേഷനുകൾ നൽകുന്നതിനുമായി മന്ത്രാലയം സ്ഥാപനങ്ങളുമായി ചർച്ച ആരംഭിച്ചതായി അൽഖർജിലെ ഫുഡ് ഇൻഡസ്ട്രീസ് പോളിടെക്നിക് സന്ദർശനവേളയിൽ അൽ സഖാബി സൂചിപ്പിച്ചു.
വ്യവസായ മന്ത്രാലയം കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ മൈനിങ് എൻജിനീയറിങ് ഡിപ്പാർട്മെൻറ് സ്ഥാപിക്കുന്നതിനൊപ്പം അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, കിങ് സഊദ് യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് സ്ത്രീകളുടെ പങ്കാളിത്തത്തിന് സംഭാവന നൽകുന്ന സ്പെഷലൈസേഷനുകൾ വികസിപ്പിക്കുന്നതും പദ്ധതിയുണ്ട്. വ്യവസായിക, പരിഷ്കരണ മേഖലയിൽ 21 ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അൽ സഖാബി പറഞ്ഞു.
വനിത തൊഴിലാളികളെ യോഗ്യരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ അർപ്പണബോധത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനകം പ്രത്യേക സ്കോളർഷിപ് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അൽ ഖർജിലെ ഫുഡ് ഇൻഡസ്ട്രീസ് പോളിടെക്നിക് ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളെ മന്ത്രാലയം പിന്തുണക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
പ്രമുഖ കമ്പനികൾക്ക് യോഗ്യരായ ഉദ്യോഗസ്ഥരെ ഉൽപാദിപ്പിക്കുന്നതിനുള്ള മാതൃകയായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ഭക്ഷ്യവ്യവസായ മേഖലയിലെ പ്രഫഷനലുകളെ പരിശീലിപ്പിക്കുന്നതിനായി 2011 ലാണ് ഫുഡ് ഇൻഡസ്ട്രീസ് പോളിടെക്നിക് സ്ഥാപിതമായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യവ്യവസായത്തിലെ സ്പെഷലിസ്റ്റുകൾക്കുള്ള തൊഴിൽ വിപണിയുടെ ആവശ്യം നിറവേറ്റുന്ന എൻട്രി ലെവൽ തൊഴിൽ പരിശീലനം വാഗ്ദാനം ചെയ്യുക എന്നതാണ് ഇതിന്റെ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.