ഇന്ത്യൻ ഡ്രൈവറുടെ മരണത്തിൽ ദുഃഖിതനായി സൗദി കവി
text_fieldsഖമീസ് മുശൈത്ത്: മകനെ പോലെ കൂടെ കൊണ്ടുനടന്ന ഇന്ത്യക്കാരനായ തെൻറ ഡ്രൈവറുടെ മരണത്തിൽ ദുഃഖിതനായി പ്രമുഖ സൗദി കവി. മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസ ശമ്പളം മുടങ്ങാതെ അയച്ചുകൊടുക്കാനുള്ള അദ്ദേഹത്തിെൻറ തീരുമാനമടക്കം ഇൗ അപൂർവ തൊഴിലുടമ തൊഴിലാളി സ്നേഹബന്ധത്തിെൻറ വാർത്ത സൗദി മാധ്യമങ്ങളിൽ വൻ പ്രാധാന്യം നേടി.
ദക്ഷിണ സൗദിയിലെ അബഹയിൽ നിന്നും നൂറു കിലോമീറ്റർ അകലെ ഹറജയിൽ മരിച്ച ഉത്തർ പ്രദേശ് സ്വദേശി ബദർ ആലത്തിെൻറ തൊഴിലുടമ അലി ബിൻ മുഹമ്മദ് ബിൻ ഹമ്രിയാണ് അപൂർവ സ്നേഹബന്ധത്തിെൻറ പുതിയ അധ്യായം രചിച്ചത്. 14 വർഷമായി ഇദ്ദേഹത്തിന് കീഴിൽ ഡ്രൈവർ ആയിരുന്നു ബദർ ആലം. അദ്ദേഹം എവിടെപോയാലും ഒപ്പമുണ്ടാകുമായിരുന്നു ബദർ.
ശ്വാസ തടസ്സത്തെ തുടർന്ന് ഹറജ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബദർ ആലം ഹൃദയ സ്തംഭനം മൂലമാണ് മരിച്ചത്. ഹറജയിൽ തന്നെ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിനും അലി ബിൻ മുഹമ്മദിെൻറ സുഹൃത്തുക്കളടക്കം നൂറോളം സ്വദേശി പൗരപ്രമുഖരാണ് പങ്കെടുത്തത്. ഇത് ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം അപൂർവനുഭവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശ രാജ്യങ്ങളിലുൾപ്പെടെ അലിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ബദറിനെ ഒരു മകന് തുല്യമായിട്ടാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ഡ്രൈവറുടെ മരണം വലിയ ആഘാതമാണ് തെൻറ കുടുംബത്തിന് ഏൽപിച്ചതെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബദറിന് നാട്ടിൽ ഒരു മകനും ഭാര്യയും മാതാപിതാക്കളുമാണ് ഉള്ളത്. മകെൻറ വിദ്യാഭ്യാസ ചെലവ് പൂർണമായും താൻ ഏറ്റെടുക്കുമെന്നും ബദറിന് കൊടുത്തിരുന്ന ശമ്പളം മുടങ്ങാതെ കുടുംബത്തിന് മരണം വരെ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറയുന്നു.
യാത്രാവിലക്കുകൾ മാറി വിമാന സർവിസ് പുനരാരംഭിച്ചാൽ ഇന്ത്യയിലേക്ക് പോയി ബദറിെൻറ വീട് സന്ദർശിക്കുമെന്നും ഒരു കുടുംബാംഗത്തിന് ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു. അറിയപ്പെടുന്ന കവിയാണ് അലി ബിൻ മുഹമ്മദ്. അദ്ദേഹത്തോടൊപ്പം എപ്പോഴുമുള്ളത് കൊണ്ട് ബദറിനെയും എല്ലാവർക്കും അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ വിയോഗമറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ടീറ്ററിലൂടെയും സ്നാപ്പ് ചാറ്റിലൂടെയും അനുശോചനം അറിയിച്ചത്. കലാകാരന്മാരും പ്രമുഖരുമായ തെൻറ ധാരാളം സുഹൃത്തുക്കൾ ബദറിെൻറ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും അലി കൂട്ടിച്ചേർത്തു. ബദറിെൻറ മരണാനന്തര നടപടിക്രമങ്ങൾക്ക് സഹായിച്ച മലയാളി സാമൂഹിക പ്രവർത്തകരായ ബിജു കെ. നായർക്കും അഷ്റഫ് കുറ്റിച്ചലിനും കെ.പി. ഹബീബിനും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.