സൗകര്യമൊരുക്കി സൗദി പോസ്റ്റ്; ഇന്ത്യയിലേക്ക് എളുപ്പത്തിൽ സാധനങ്ങളയക്കാം
text_fieldsറിയാദ്: സൗദി അറേബ്യയിൽനിന്ന് ഇനി എളുപ്പത്തിലും സുരക്ഷിതമായും ഇന്ത്യയിലേക്ക് സാധനങ്ങളയക്കാൻ സംവിധാനമൊരുക്കി സൗദി പോസ്റ്റ്. സുഹൃത്തിനുള്ള സമ്മാനം, ഉപഭോക്താവിന് ഉൽപന്നം, ബിസിനസ് പങ്കാളിക്ക് രേഖകൾ അങ്ങനെ എന്തും സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ ഏറ്റവും വിശ്വസനീയമായ ഒരു കൊറിയർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സൗദി പോസ്റ്റ് ആൻഡ് ലോജിസ്റ്റിക് സർവിസസ് (എസ്.പി.എൽ) അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വിവിധ തരത്തിലുള്ള ലോജിസ്റ്റിക്കൽ, തപാൽ സേവനങ്ങൾ നൽകുന്നതിനായി 1926ൽ സ്ഥാപിതമായ സർക്കാർ സ്ഥാപനമാണ് എസ്.പി.എൽ. കഴിഞ്ഞ 96 വർഷമായി മികവുറ്റതും സജീവവുമായ തപാൽ, ലോജിസ്റ്റിക് സേവനങ്ങളാണ് നൽകിവരുന്നത്. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുംവിധം വിവിധ തരം ഡെലിവറി സംവിധാനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇക്കണോമി എന്ന സാധാരണ നിലയിലുള്ളതും എക്സ്പ്രസ് എന്ന അതിവേഗത്തിലുമുള്ള ഡെലിവറി സംവിധാനത്തിലൂടെ ആവശ്യക്കാരുടെ പാർസലുകളും ഡോക്യുമെൻറുകളും കൃത്യമായ മേൽവിലാസത്തിൽ എത്തിച്ചുനൽകുന്നു. കൈപ്പറ്റലും എത്തിച്ചുനൽകലുമുൾപ്പെടെ പാർസലുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മികച്ചതും വേഗമാർന്നതുമായ സംവിധാനമാണ് പ്രവർത്തിക്കുന്നത്.
സൗദിക്കുള്ളിലും വിദേശരാജ്യങ്ങളിലും ഒന്നിലധികം വിതരണ ശൃംഖലകളുടെ സംവിധാനം എസ്.പി.എൽ ഒരുക്കിയിട്ടുണ്ട്. അതിൽതന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യയിലെ എസ്.പി.എൽ നെറ്റ്വർക്ക്. സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശി സമൂഹം ഇന്ത്യക്കാരുടേതാണ്. അതുകൊണ്ടാണ് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യയെ കാണുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇന്ന് ഈ രംഗത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 30 കിലോഗ്രാം വരെ സൗദിക്കുള്ളിലും പുറത്തും അതിവേഗത്തിലും സുരക്ഷിതമായും എത്തിച്ച് ഡെലിവറി ചെയ്യുന്നതിനുള്ള സംവിധാനം എസ്.പി.എല്ലിനെ വേറിട്ടതാക്കുന്നു. വിശ്വസനീയമായ വേഗത്തിലുള്ള ഡെലിവറിക്കായി പ്രാദേശികവും അന്തർദേശീയവുമായ ഷിപ്പിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള മേൽവിലാസക്കാരുടെ വീട്ടുപടിക്കലോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫിസിലോ പാർസൽ എത്തിച്ചേരും. പാർസൽ അയച്ചാൽ അത് ഡെലിവറി ചെയ്യപ്പെടുംവരെ ട്രാക്ക് ചെയ്യാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.