മൂന്നു റിയാലിന്റെ അനുസ്മരണ സ്റ്റാമ്പുമായി സൗദി പോസ്റ്റ്
text_fieldsറിയാദ്: യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45ാമത് സമ്മേളനത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന്റെ സ്മരണക്കായി മൂന്നു റിയാലിന്റെ സ്റ്റാമ്പ് സൗദി പോസ്റ്റ് പുറത്തിറക്കി. പ്രമുഖ ദേശീയമോ അന്തർദേശീയമോ ആയ സംഭവങ്ങളുടെയും അവസരങ്ങളുടെയും സ്മരണക്കായി സൗദി പോസ്റ്റ് സ്റ്റാമ്പുകൾ പുറത്തിറക്കാറുണ്ട്.
45ാമത് യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി സെഷനിൽ സംഘടനയിലെ 21 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര കോൺഫറൻസുകൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥലമായി രാജ്യത്തെ ഉയർത്തിക്കാട്ടാനും ഇതുമൂലം സാധിച്ചു. ഈ മാസം 10 മുതൽ 25 വരെ റിയാദിലാണ് വിപുലമായ സമ്മേളനം നടക്കുന്നത്.
ലോക പൈതൃക സമിതിയുടെ നാലു വർഷത്തിനിടയിലെ ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിലവിലെ അധ്യക്ഷത പദവി സൗദി അറേബ്യക്കാണ്. വെല്ലുവിളികൾ ഏറ്റെടുത്ത് ലോകം മുന്നോട്ടുപോകുമ്പോഴും സംസ്കാരവും പൈതൃകവും സംരക്ഷിക്കേണ്ടതിന്റെയും ആഘോഷിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്ന ‘ദീർഘദൃഷ്ടിയുള്ള നാളേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൂലേയുമായി ചർച്ച നടത്തിയിരുന്നു. സാംസ്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച 2025ലെ ‘യുനെസ്കോ ലോക സമ്മേളനത്തിന്’ ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ താൽപര്യം റിയാദിൽ നടന്ന ചർച്ചയിൽ മന്ത്രി പ്രകടിപ്പിച്ചു. യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം റിയാദിൽ സ്വീകരണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.