സൗദി പ്രീമിയം ഇഖാമ ഇനി കൂടുതൽ വിഭാഗം വിദേശികൾക്ക്
text_fieldsറിയാദ്: സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങൾ നടത്താനും സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇനി കൂടുതൽ വിഭാഗം വിദേശികൾക്ക്. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെർമിറ്റിന് അഞ്ചുവിഭാഗങ്ങളിൽ പെടുന്ന വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറർ ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. ഹെൽത്ത് കെയർ, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം.
2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. സ്വദേശി സ്പോൺസർ ആവശ്യമില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നൽകുന്നതായിരുന്നു ഇത്. ഭാര്യ, 25 വയസിൽ താഴെയുള്ള മക്കൾ, മാതാപിതാക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ സൗദിയിൽ താമസിപ്പിക്കാനും സ്വതന്ത്രമായി തൊഴിലെടുക്കാനും റീഎൻട്രി വിസ കൂടാതെ രാജ്യത്തിന് പുറത്തുപോകാനും തിരികെ വരാനുമെല്ലാം സ്വാതന്ത്ര്യം നൽകുന്ന ഈ ഇഖാമ രണ്ടു തരത്തിലാണ് അന്നുണ്ടായിരുന്നത്. പ്രതിവർഷം പുതുക്കുന്ന രീതിയിലും അനിശ്ചിതകാലത്തേക്കുമുള്ളത്. അനിശ്ചിതകാലത്തേക്കുള്ള ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരുന്നു ഫീസ്. വർഷാവർഷം പുതുക്കേണ്ട ഇഖാമക്ക് ഒരു ലക്ഷം റിയാൽ വാർഷിക ഫീസും.
ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയിൽ ഉൾപ്പെടുത്തിയത്. ഈ വിഭാഗങ്ങൾക്ക് കീഴിൽ വ്യക്തിഗത ഇഖാമ നേടാൻ നൽകേണ്ട ഫീസ് 4,000 റിയാലാണ്. അഞ്ചുവർഷമാണ് കാലാവധി. അതിന് ശേഷം മുൻകാലയളവിലെ പ്രവർത്തനം കർശന പരിശോധനക്ക് വിധേയമാക്കിയ ശേഷമേ ഇഖാമ പുതുക്കുകയുള്ളൂ. അഞ്ച് വർഷത്തിനിടെ 30 മാസമെങ്കിലും തുടർച്ചയായോ ഇടവിട്ടോ രാജ്യത്ത് താമസിച്ചിരിക്കണം. നിക്ഷേപക വിഭാഗം അപേക്ഷകന് ഇൻവെസ്റ്റ്മെൻറ് ലൈസൻസ് വേണം, 70 ലക്ഷം റിയാലിൽ കുറയാതെ നിക്ഷേപം നടത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.