കണ്ണീരണിഞ്ഞ് ഓർമചിത്രങ്ങൾ; ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ വിതുമ്പി സൗദി പ്രമുഖൻ മുഹമ്മദ് ബിൻ ഹമീം
text_fieldsദമ്മാം: ‘ഒരു ഭരണാധികാരി എന്നതിനപ്പുറത്ത് ഞാനറിഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് ജനങ്ങൾ നൽകുന്ന യാത്രമാമൊഴി അത് വ്യക്തമാക്കുന്നു. ഞാൻ ടിവിയിലുടെ അത് കണ്ടു കൊണ്ടിരിക്കുകയാണ്. എന്‍റെ പ്രിയ സുഹൃത്തിന്‍റെ എല്ലാ കാരുണ്യ പ്രവർത്തനങ്ങളും പടച്ചവന് മുന്നിൽ സ്വീകരിക്കപ്പെടുന്നതാകട്ടെ’ -ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന സൗദി പൗരനും വ്യവസായിയുമായ മുഹമ്മദ് ബിൻ ഹമീം പറയുകയായിരുന്നു.
വളരെ യാദൃശ്ചികമായാണ് മുഹമ്മദ് ബിൻ ഹമീമും ഉമ്മൻചാണ്ടിയും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മലയാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യമാണ് അതിനിടയാക്കിയത്. റിയാദിൽ ഒരു മംഗലാപുരം സ്വദേശി അഷ്റഫിന്റെ കൊലപാതകത്തെ തുടർന്ന് ജയിലിലായ നാല് മലയാളികൾക്ക് വേണ്ടിയുള്ള ഇടപെടലായിരുന്നു അത്. നാലുപേർക്കും സൗദിയിലെ ശരീഅത്ത് കോടതി വിധിച്ചത് വധശിക്ഷയാണ്.
ഈ സമയത്താണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ നിർദേശമനുസരിച്ച് നാലുപേരുടേയും കുടുംബങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കാണുന്നത്. ഇതോടെ കൊല്ലപ്പെട്ട ആളിന്‍റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭ്യമാക്കാൻ ശ്രമിക്കണമെന്നും ദിയാധനം താൻ സ്വരൂപിച്ച് തരാമെന്നും ഉമ്മൻ ചാണ്ടി ശിഹാബിനെ അറിയിക്കുകയായിരുന്നു. നിരന്തര ശ്രമങ്ങൾക്കൊടുവിലും മാപ്പ് ലഭ്യമാകാതിരുന്നതിനെ തുടർന്ന് അധികൃതർ വധശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് കടന്നു.
രാജാവിന്‍റെ അനുമതിപത്രം സുപ്രീംകോടതിയിൽ എത്തുകയും മറ്റ് ക്രമീകരണങ്ങൾ പുരോഗമിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ഒരു റമദാൻ മാസം 27-ാംരാവിൽ കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബം ഇവർക്ക് മാപ്പ് കൊടുക്കാൻ തയാറാകുന്നത്. അപ്പോഴേക്കും നാലുപേരും വധശിക്ഷയുടെ വാൾത്തലപ്പിൽ നിന്ന് മണിക്കൂറുകളുടെ ദൂരത്തിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം ദിയാധനമായ 85 ലക്ഷം രൂപക്ക് തുല്യമായ സൗദി റിയാൽ നൽകിയത് അന്നത്തെ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനും പ്രവാസി വ്യവസായിയുമായ അഡ്വ. സി.കെ. മേനോനായിരുന്നു.
പാഴാക്കിക്കളയാൻ സമയമില്ലാതിരുന്നതിനാൽ സി.കെ. മോനോന്‍റെ നിർദേശമനുസരിച്ച് ദമ്മാമിൽ നിന്ന് ഈ ദൗത്യവുമായി പറന്നെത്തിയത് മുഹമ്മദ് ബിൻ ഹമീമായിരുന്നു. ഹമീമിന്‍റെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ നാലുപേരുടെ ജീവിതം തിരികെ കിട്ടി. എല്ലാം കഴിഞ്ഞ് അന്ന് മുഹമ്മദ് ബിൻ ഹമീം പറഞ്ഞത് ‘ഞാനൊരൽപം അലസത കാട്ടിയിരുന്നെങ്കിൽ അവരെ മരണം കവർന്നേനെ’ എന്നാണ്. ഈ വിഷയത്തിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്ന ഉമ്മൻ ചാണ്ടി മുഹമ്മദ് ബിൻ ഹമീമിനെ നേരിട്ട് വിളിച്ച് തന്‍റെ നന്ദി അറിയിച്ചിരുന്നു.
തുടർന്ന് കണ്ണൂരിലെ പാനൂർ നെച്ചോളി ഗ്രാമത്തിൽ അഡ്വ. സി.കെ. മോനോൻ നിർമിച്ചു നൽകിയ മസ്ജിദ് ഉദ്ഘാടനത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തിയപ്പോൾ അതിഥിയായി മുഹമ്മദ് ബിൻ ഹമീമുണ്ടായിരുന്നു. അന്ന് കണ്ടപ്പോൾ ദീർഘസൗഹൃദമുള്ളത് പോലെയാണ് അദ്ദേഹം സംസാരിച്ചത്. അധികാരത്തിന്‍റെ ഒരഹന്തയും ആമുനുഷ്യനിൽ ഞാൻ കണ്ടില്ല. പിന്നീട് അദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിച്ച് മുഹമ്മദ് ബിൻ ഹമീം തിരുവന്തപുരത്തും എത്തി.
കേരളത്തിൽ എത്തുമ്പോഴെല്ലാം അദ്ദേഹം ഉമ്മൻ ചാണ്ടിയെ കാണും. വല്ലപ്പോഴുമുള്ള സുഖാന്വേഷണങ്ങളിലൂടെ ആ ബന്ധം ഇരുവരും ഊഷ്മളമാക്കി നിലനിർത്തി. മുഹമ്മദ് ബിൻ ഹമീമിനൊപ്പമുണ്ടായിരുന്ന ഒ.ഐ.സി.സി ഗ്ലോബൽ വക്താവ് മൻസൂർ പള്ളുർ വഴിയാണ് അധികവും വിശേഷങ്ങൾ കൈമാറിയത്.
ഉമ്മൻ ചാണ്ടിയുടെ മരണമറിഞ്ഞ അദ്ദേഹം മൻസൂറിന് അദ്ദേഹവുമൊത്തുള്ള പഴയ ചിത്രങ്ങൾ അയച്ചുകൊടുത്തുകൊണ്ടാണ് തന്‍റെ അനുശോചനം അറിയിച്ചത്. ഉമ്മൻ ചാണ്ടിയുടെ ജനകീയതയും മനുഷ്യസ്നേഹവുമായിരുന്നു മുഹമ്മദ് ബിൻ ഹമീമിന് ഉമ്മൻ ചാണ്ടിയെ ഇത്രയേറെ പ്രിയപ്പെട്ടവനാക്കിയതെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. മുൻ പ്രവാസകാര്യ മന്ത്രി കെ.സി. ജോസഫിന്റെ സൗദി സന്ദർശനകാലത്ത് ഈ ദൗത്യം വിജയിപ്പിച്ച മുഹമ്മദ് ബിൻ ഹമീമിനെ പ്രത്യേകം ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.