ബ്രസീലിലെ ജി20 വനിത ശാക്തീകരണസമ്മേളനത്തിൽ ശ്രദ്ധേയമായി സൗദി
text_fieldsയാംബു: ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ ബ്രസീലിന്റെ തലസ്ഥാന നഗരത്തിൽ നടന്ന ജി20 വനിത ശാക്തീകരണ സമ്മേളനത്തിൽ മുഖ്യ സാന്നിധ്യമറിയിച്ച് സൗദിയിലെ പ്രമുഖ വനിതകളും. വിവിധ രാജ്യങ്ങളിലെ വനിതാ മന്ത്രിമാരും ഉന്നത വനിതകളും പങ്കെടുത്ത സമ്മേളനത്തിലെ മുഖ്യ വിഷയം വിവിധ മേഖലകളിൽ എങ്ങനെ സ്ത്രീ ശാക്തീകരണം കാര്യക്ഷമമാക്കാം എന്നായിരുന്നു. സൗദിയിലെ ഫാമിലി അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മൈമൂന അൽ ഖലീലിന്റെ നേതൃത്വത്തിലാണ് വനിതാ പ്രതിനിധിസംഘം സമ്മേളനത്തിൽ പങ്കെടുത്തത്.
നീതിനിഷ്ഠമായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും വാർത്തെടുക്കാം’ എന്ന ശീർഷകത്തിൽ നടന്ന സമ്മേളനത്തിൽ ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും തടയൽ, കാലാവസ്ഥ മാറ്റം, നീതി എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം കാര്യക്ഷമമാക്കാനുള്ള വഴികളും പദ്ധതികളും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള വിവിധ സംരംഭങ്ങൾ നടപ്പാക്കേണ്ടതിന്റെ അനിവാര്യത എന്നിവ സമ്മേളനത്തിൽ മുഖ്യ വിഷയങ്ങളായിരുന്നു.
ആഗോളതലത്തിൽ സ്ത്രീകളെ പിന്തുണക്കുവാനും ശാക്തീകരിക്കാനും വിവിധ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് ഓരോ രാജ്യത്തും അനിവാര്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിൽ സൗദിയുടെ വിവിധ നേട്ടങ്ങൾ ഡോ. മൈമൂന അൽ ഖലീൽ സമ്മേളനത്തിൽ എടുത്തുപറഞ്ഞു. 2024 ആയപ്പോഴേക്കും സൗദിയിലെ വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം 35.4 ശതമാനമായി ഉയർന്നതായി അവർ ചൂണ്ടിക്കാട്ടി.
വിവിധ തൊഴിൽ മേഖലകളിൽ രാജ്യത്ത് സ്ത്രീ പങ്കാളിത്തം ദൈനം ദിനം വർധിക്കുനന്നതായും സൗദി സ്ത്രീകൾക്ക് നൽകുന്ന വമ്പിച്ച പരിഗണന തൊഴിലിടങ്ങളിൽ അവരുടെ സജീവ സാന്നിധ്യം ഉണ്ടാക്കാൻ നിമിത്തമായതായി സമ്മേളനത്തിൽ വ്യക്തമാക്കി.
തൊഴിൽ രംഗത്തെ തുല്യ അവസരങ്ങൾക്കും ലിംഗനീതിക്കുമുള്ള സൗദിയുടെ വിശാല വീക്ഷണവുമായി യോജിക്കുന്ന നയ നിലപാടുകൾ 2023-ൽ പരിഷ്കരിച്ചതും തൊഴിൽ രംഗത്തെ ശക്തമായ നിയമ നിർദേശങ്ങൾ രാജ്യത്ത് കൃത്യമായി നടപ്പാക്കിവരുന്നതും ഏറെ ഫലം കണ്ടതായും സൗദി പ്രതിനിധികൾ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.