സൗദി-ഖത്തർ ഏകോപനസമിതി യോഗം; സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തും
text_fieldsറിയാദ്: ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്ത് സൗദി-ഖത്തർ ഏകോപനസമിതി യോഗം. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും സംയുക്ത അധ്യക്ഷതയിൽ ഞായറാഴ്ച റിയാദിലാണ് സൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം നടന്നത്.
ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നേടിയെടുക്കുന്ന തരത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ വശങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുകൂട്ടിയതെന്ന് സൗദി വിദേശകാര്യ മന്ത്രി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
സൗദിയുടെയും ഖത്തറിന്റെയും ദർശനങ്ങൾ കൈവരിക്കുന്ന വിധത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും സാഹോദര്യ ബന്ധങ്ങൾ ഏകീകരിക്കുന്നതിനുമുള്ള ഒരു വേദിയായാണ് ഏകോപന സമിതിയെ കണക്കാക്കുന്നത്. ഇത് ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങളെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നുവെന്ന് അമീർ ഫൈസൽ പറഞ്ഞു.
സംരംഭങ്ങളുടെ പട്ടിക പുതുക്കുന്നതിലും പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലും നവീകരിക്കുന്നതിലും നടപ്പാക്കാൻ കഴിയുന്നതുമായ നാഴികക്കല്ലുകൾ അവതരിപ്പിക്കുന്നതിലും കൗൺസിൽ നടത്തുന്ന പരിശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അഗാധമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രക്രിയയിലെ നാഴികക്കല്ലാണ് ഈ കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കാനും കാഴ്ചപ്പാടുകൾ കൈമാറാനും കൗൺസിലിന്റെ നേട്ടങ്ങളും ഗുണപരമായ സംരംഭങ്ങളും അവലോകനം ചെയ്യാനും ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിർദേശങ്ങൾക്ക് അനുസൃതമായി ഉത്സാഹത്തോടെ പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ആസൂത്രണം ചെയ്തതുപോലെ എല്ലാം നിറവേറ്റാനും നടപ്പാക്കാനുമുള്ള തന്റെ ആഗ്രഹം ഖത്തർ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രകടിപ്പിച്ചു. ഖത്തർ-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ എട്ടാമത് സെഷന്റെ തുടക്കം മുതൽ സബ് കമ്മിറ്റികളുടെ തലവന്മാരും വർക്കിങ് ഗ്രൂപ് ടീമുകളും ലെയ്സൺ ഓഫിസർമാരും ജനറൽ സെക്രട്ടേറിയറ്റ് ടീമും നടത്തിയ മഹത്തായ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്നത്.
സംയുക്ത സഹകരണത്തിന്റെ നിരവധി ഫയലുകൾക്ക് ഈ സെഷനിൽ തീർപ്പുണ്ടാവും. അതിന്റെ ഫലങ്ങൾ നേടുന്നതിന് ശക്തിയോടും നിശ്ചയദാർഢ്യത്തോടും കൂടി ജോലികൾ പൂർത്തിയാക്കാനും തുടരാനും ഞങ്ങൾ ശ്രമിക്കും. ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ സംയുക്ത ശ്രമങ്ങൾ തുടരാനുള്ള ഖത്തറിന്റെ താൽപര്യം പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയിൽ ഊന്നിപ്പറഞ്ഞു.
കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് കഴിഞ്ഞ കാലയളവിലെ സബ് കമ്മിറ്റികളുടെയും അവരുടെ വർക്കിങ് ഗ്രൂപ് ടീമുകളുടെയും തയാറെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കമ്മിറ്റി യോഗത്തിന്റെ മിനിറ്റിൽ അമീർ ഫൈസലും ശൈഖ് മുഹമ്മദും ഒപ്പുവെച്ചു.
സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ, വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ എൻജി. ഫഹദ് അൽഹാരിതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.