പുണ്യറമദാെൻറ നിറവിൽ അറബ്നാട്
text_fieldsജിദ്ദ: സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച പുണ്യറമദാന് തുടക്കം. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾ ആത്മീയമായ ചിന്തകളിൽ മുഴുകും. അറബ് കുടുംബങ്ങളിൽ റമദാന് ആഹ്ളാദപൂർണമായ വരവേൽപാണ് ലഭിച്ചത്. അനുഗ്രഹങ്ങളുടെ മാസത്തെ സ്വീകരിക്കാൻ അവർ നേരത്തെ ഒരുങ്ങി. വീടകങ്ങൾ നവീകരിച്ചും പുതിയ സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ചും വിശിഷ്ട ഭക്ഷ്യവിഭങ്ങൾ ഒരുക്കിയുമാണ് അറബ് സമൂഹം റമദാനെ വരവേൽക്കുന്നത്. റമദാൻ കാലം മുഴുനീളെ ആഘോഷത്തിലധിഷ്ഠിതമാണിവിടെ. രാവേറെ ചെന്നാലും ഉണർന്നിരിക്കുന്ന വീടുകളും നഗരങ്ങളും തെരുവോരങ്ങളുമാണിനി. പള്ളികളുടെ അകത്തളങ്ങൾ പുതുശോഭയണിഞ്ഞിരിക്കയാണെങ്ങും. തെരുവോരങ്ങൾ വർണവിളക്കുകളാലലംകൃതമാണ്.
മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുകയാണ് അറബ് വംശജരുടെ റമദാനിലെ പ്രധാനജോലി. വൈകുന്നേരമാവുേമ്പാഴേക്കും വിഭവങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം പുറത്തിറങ്ങുന്നു.
വഴിയിൽ കാണുന്നവരെയെല്ലാം അടുത്തേക്ക് വിളിച്ച് ഭക്ഷണപ്പൊതികൾ നൽകും. ഹൈവേകളിലും മറ്റും വാഹനങ്ങൾ കൈകാണിച്ച് നിർത്തി യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി സായൂജ്യമടയുന്ന സൗദികളെ കാണാം. പരദേശികളേറെയുള്ള ഇൗ അറബ്നാട്ടിൽ ലക്ഷോപലക്ഷം നോമ്പുകാർക്കാണ് സ്വദേശി പൗരൻമാർ പള്ളികളിൽ വിപുലമായ ഇഫ്താറൊരുക്കുന്നത്.
മക്കയും മദീനയും അതിവിപുലമായ ഒരുക്കങ്ങളാണ് റമദാന് വേണ്ടി നടത്തിയത്. ഹറമുകളിലെത്തുന്നവരെ സേവിക്കാനും അവർക്ക് കുറ്റമറ്റ സൗകര്യങ്ങൾ ഉറപ്പുവരുത്താനും സൽമാൻ രാജാവിെൻറ നിർദേശപ്രകാരം ഇരുഹറം കാര്യാലയം വമ്പിച്ച മുന്നൊരുക്കങ്ങൾ നടത്തി. ഹജ്ജ്കാലത്തുള്ളതിനേക്കാൾ തിരക്ക് മക്കയിലും മദീനയിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റമാദാനിൽ ഉംറ നിർവഹിക്കാൻ ലോകത്തിെൻറ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് പ്രാർഥനക്കും നോമ്പ് തുറക്കാനും എല്ലാവിധ സൗകര്യങ്ങളും സജ്ജമാണ്.സൗദി അറേബ്യയിലെ പ്രവാസി സമൂഹവും നോമ്പിനെ വരവേൽക്കാനൊരുങ്ങി. സമൂഹനോമ്പുതുറകളും സൗഹൃദകൂട്ടായ്മകളും റിലീഫ് പ്രവർത്തനങ്ങളുമായി വിപുലമായ പരിപാടികളാണ് ഇന്ത്യൻ പൗരസമൂഹം ആസൂത്രണം ചെയത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.