മദീനയിൽ സജീവമായി സൗദി റെഡ് ക്രസൻറ് വളൻറിയർമാർ
text_fieldsമദീന: മസ്ജിദുന്നബവി സന്ദർശിക്കാനെത്തുന്ന തീർഥാടകർക്ക് സേവനം ചെയ്യാൻ രംഗത്തുള്ള സൗദി റെഡ് ക്രസൻറ് അതോറിറ്റി വളൻറിയർമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. മാർച്ച് ആറിനു ശേഷം മദീനയിൽ മാത്രം 3,762 ലധികം അടിയന്തര കാളുകളോട് പ്രതികരിച്ച് റെഡ് ക്രസൻറ് സേവനം നൽകി. ഏകദേശം 1,746 വ്യക്തികൾക്ക് ആംബുലൻസ് ടീം അടിയന്തര വൈദ്യസഹായം നൽകി. പ്രാഥമിക ചികിത്സക്കു ശേഷം തുടർ ചികിത്സക്കായി വിവിധ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു. അതോറിറ്റിക്ക് ലഭിച്ച ഫോൺ വിളികളിൽ ഭൂരിഭാഗവും ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നെന്നും ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ടും വിളികളെത്തിയെന്നും അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹ്മദ് അൽ സഹ്റാനി പറഞ്ഞു. മാർച്ച് മുതൽ മാത്രം 1,807 സന്നദ്ധപ്രവർത്തകർ 10,638 മണിക്കൂർ മസ്ജിദുന്നബവിയിലും ഖുബാഅ് മസ്ജിദിലും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, മെഡിക്കൽ സ്പെഷലിസ്റ്റുകൾ എന്നിവരടങ്ങുന്ന റെഡ് ക്രസൻറ് സന്നദ്ധ സംഘം തീർഥാടകർ അഭിമുഖീകരിക്കുന്ന ഏത് മെഡിക്കൽ പ്രശ്നങ്ങളും പരിഹരിക്കാൻ സദാസന്നദ്ധരാണ്. ഇരു ഹറമുകളിലെ വിവിധ മേഖലകളിൽ 12 മണിക്കൂർ ഷിഫ്റ്റിൽ പ്രവർത്തിക്കുന്നു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തക്ക വൈദഗ്ധ്യവും പരിജ്ഞാനവും പരിശീലനവും നേടിയവരാണ് രംഗത്തുള്ളത്. ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് അതോറിറ്റിയുടെ സംവിധാനങ്ങളിലുള്ളത്. മദീനയിൽ 997 എന്ന നമ്പറിലൂടെയോ ‘അസെഫ് നി’ (Asafny) എന്ന ആപ്ലിക്കേഷൻ വഴിയോ സേവനത്തിനായി റെഡ് ക്രസൻറിനെ സമീപിക്കാം.
റമദാനിലെ റെഡ് ക്രസൻറ് സേവനപദ്ധതി ശവ്വാൽ അഞ്ച് വരെ
മദീന: റമദാനിലെ റെഡ് ക്രസൻറ് സേവന പദ്ധതി ശവ്വാൽ അഞ്ച് വരെ തുടരുമെന്ന് മദീന ബ്രാഞ്ച് ഡയറക്ടർ അഹ്മദ് അൽസഹ്റാനി അറിയിച്ചു. റമദാൻ മാസം മുഴുവനും പെരുന്നാൾ ദിവസവും അതുകഴിഞ്ഞ് നാലു ദിവസവും കൂടി പ്രവർത്തിക്കും വിധം സർവസജ്ജമായ സേവന പദ്ധതിയാണ് മദീനയിൽ റെഡ് ക്രസൻറ് അതോറിറ്റിക്ക് കീഴിൽ ഒരുക്കിയിരിക്കുന്നത്. സേവനത്തിന് 1690 വളൻറിയർമാരാണുള്ളത്. മസ്ജിദുന്നബവിയിലെത്തുന്നവർക്ക് അടിയന്തര മെഡിക്കൽ സേവനം നൽകുന്നതാണ് ഇവരുടെ ഡ്യൂട്ടി. മസ്ജിദുന്നബവിയിലും മദീനയിലേക്കുള്ള റോഡുകളിലും ആളുകൾക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കലും പദ്ധതിയുടെ ഭാഗമാണ്. വിവിധ വിഭാഗങ്ങളിലും തസ്തികകളിലുമായി 690ലധികം സ്ത്രീ-പുരുഷ ജീവനക്കാർ രംഗത്തുണ്ട്. കൂടാതെ വളൻറിയർമാരായി 1000ത്തോളം പേർ വേറെയുമുണ്ട്. മസ്ജിദുന്നബവി മുറ്റത്ത് നാല് മെഡിക്കൽ കെയർ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. മദീനയുടെ മധ്യഭാഗങ്ങളിലും അതിലേക്കുള്ള റോഡുകളിലും റെഡ് ക്രസൻറ് ടീമുകൾ സജ്ജരാണ്. 40 ആംബുലൻസ് കേന്ദ്രങ്ങളുമുണ്ട്. ഇതിൽ 60 ലധികം ആംബുലൻസ് ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. തറാവീഹ്, തഹജ്ജുദ് നമസ്കാര വേളയിൽ മസ്ജിദുന്നബവിയിൽ ആംബുലൻസ് സേവനങ്ങൾ ശക്തമാണ്. പള്ളിയിലും ചുറ്റുമുള്ള മുറ്റങ്ങളിലും ആളുകളുടെ എണ്ണത്തിന് അനുസൃതമായി പ്രവർത്തന ശക്തി വർധിപ്പിക്കുമെന്നും അൽസഹ്റാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.