ഗസ്സയിലെ ജനതയെ കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ തള്ളി സൗദി
text_fieldsജിദ്ദ: ഫലസ്തീൻ ജനതയെ ഗസ്സയിൽനിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായി സൗദി അറേബ്യ. വടക്കൻ ഗസ്സയിൽനിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച നിലപാട് വ്യക്തമാക്കിയത്. ഗസ്സയിൽനിന്ന് ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെ പൂർണമായും തള്ളിപ്പറയുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അവിടെയുള്ള സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സിവിലിയന്മാർക്കെതിരായ എല്ലാത്തരം സൈനിക നീക്കങ്ങളും തടയാനും മാനുഷിക ദുരന്തം തടയാനും അതിവേഗ ഇടപെടൽ വേണമെന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിലെ നിവാസികൾക്ക് ആവശ്യമായ ആശ്വാസവും ചികിത്സ ആവശ്യങ്ങളും നൽകണം. പ്രത്യേകിച്ചും മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകൾ അവർക്ക് നഷ്ടപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യംവഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തിെൻറയും ആഴം ഇത് വർധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
രക്ഷാസമിതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രമേയങ്ങൾക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന അറബ് സമാധാന സംരംഭവും മുന്നോട്ടുകൊണ്ടുപോകണമെന്നും കിഴക്കൻ ഖുദ്സിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾക്കനുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഒ.ഐ.സി അടിയന്തര മന്ത്രിതല യോഗം ബുധനാഴ്ച ജിദ്ദയിൽ
ജിദ്ദ: ഫലസ്തീൻ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടിയന്തര യോഗം ബുധനാഴ്ച ജിദ്ദയിൽ നടക്കും. ഇസ്ലാമിക് ഉച്ചകോടിയുടെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും അധ്യക്ഷ സ്ഥാനത്തുള്ള സൗദി അറേബ്യയുടെ നിർദേശാനുസരണം അടിയന്തര മന്ത്രിതല എക്സിക്യൂട്ടിവ് യോഗം ജിദ്ദയിലെ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടക്കുക. ഗസ്സയിലും ചുറ്റുപാടുകളിലും വർധിച്ചുവരുന്ന സൈനിക സാഹചര്യങ്ങളും സാധാരണക്കാരുടെ ജീവനും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സുസ്ഥിരതയും അപകടത്തിലാക്കുന്ന വഷളായ സാഹചര്യങ്ങളും പരിഗണിച്ചാണ് അസാധാരണ യോഗം ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.