ഭൂകമ്പ ദുരിതബാധിതർക്ക് സാന്ത്വനം പകരാൻ സൗദി സംഘം തുർക്കിയയിൽ
text_fieldsജിദ്ദ: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽനിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയയിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം നിരവധി മെഡിക്കൽ, വളൻറിയർ സംഘങ്ങളെയും സിവിൽ ഡിഫൻസ് ടീമുകളെയും വഹിച്ചുകൊണ്ടുള്ള വിമാനം റിയാദിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് തുർക്കിയയിലെത്തിയത്. വരും ദിവസങ്ങളിലായി റെഡ്ക്രസന്റിന്റെ കൂടുതൽ സംഘങ്ങൾ തുർക്കിയയിലെത്തുമെന്ന് റെഡ്ക്രസൻറ് ഉപമേധാവി ഫഹദ് അൽഹുജ്ജാജ് പറഞ്ഞു.
സിവിൽ ഡിഫൻസ്, കിങ് സൽമാൻ റിലീഫ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് സംഘം പ്രവർത്തിക്കുക. 20 പേരെയാണ് റെഡ്ക്രസൻറ് ഇപ്പോൾ അയച്ചത്. ഡോക്ടർമാർ, പ്രഥമശുശ്രൂഷ വിദഗ്ധർ, അടിയന്തര ചികിത്സാസേവന വിദഗ്ധർ ഇതിലുൾപ്പെടും. ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് പൂർണ ധാരണ നേടാൻ ശ്രമം തുടരുകയാണെന്നും ഒരാഴ്ചക്കുള്ളിൽ അതിന്റെ വ്യക്തമായ രൂപം കൈവരുമെന്നും റെഡ്ക്രസൻറ് മേധാവി പറഞ്ഞു.
ഇതിനിടെ സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ദേശീയ സഹായ സമാഹരണ കാമ്പയിൻ സൗദിയിൽ പുരോഗമിക്കുകയാണ്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് ബുധനാഴ്ചയാണ് ജനകീയ കാമ്പയിൻ തുടങ്ങിയത്.ത്സ കുറഞ്ഞ സമയത്തിനുള്ളിൽ 98 ദശലക്ഷം റിയാൽ സംഭാവനയായി എത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുർക്കിയ നഗരമായ അദാനയിലേക്ക് വിമാനം വഴി 98 ടൺ മെഡിക്കൽ, ഭക്ഷണ, പാർപ്പിട സഹായങ്ങൾ സൗദി അറേബ്യ എത്തിച്ചു.
ഭൂകമ്പ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്ന ആദ്യ കാർഗോവിമാനം വ്യാഴാഴ്ചയാണ് തുർക്കിയയിലെത്തിയത്. കൂടുൽ സഹായങ്ങൾ വിമാനങ്ങൾ വഴി അയക്കുന്നതിനുള്ള നടപടികൾ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിൽ തുടരുകയാണ്. സിറിയയിലെയും തുർക്കിയയിലെയും ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, ഭക്ഷണം, ലോജിസ്റ്റിക് സഹായം എന്നിവ എത്തിക്കുന്നതിനായി വരും മണിക്കൂറുകളിൽ ഒരു എയർ ബ്രിഡ്ജ് ആരംഭിക്കുമെന്ന് കിങ് സൽമാൻ കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.