സൗദി റിയാലിന്‍റെ മൂല്യം 20 രൂപയിലെത്തി; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
text_fieldsജിദ്ദ: ആഗോള തലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് വന്നതിനെത്തുടർന്ന് ഗൾഫ് കറൻസികൾക്ക് നിലവിലുള്ളതിനേക്കാൾ മികച്ച മൂല്യം ലഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് അനുഗ്രഹമായി. വെള്ളിയാഴ്ച ഒരു സൗദി റിയാലിന് 19.70 മുതൽ 20.03 വരെയാണ് സൗദിയിലെ വിവിധ ബാങ്കുകളിലെ കറൻസി റേറ്റ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടു വന്നുകൊണ്ടിരിക്കുകയാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഈ ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യ തകർച്ചയിൽ ഗൾഫ് കറൻസികൾക്ക് കിട്ടുന്ന ഉയർന്ന മൂല്യം കണക്കിലെടുത്ത് സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് വർധിച്ചിട്ടുണ്ട്. വിവിധ ബാങ്കുകൾക്ക് മുമ്പിൽ അസാമാന്യമായ തിരക്കാണനുഭവപ്പെടുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കാൻ ചില ബാങ്കുകൾ സർവിസ് ചാർജ് ഈടാക്കാതെയാണ് പണമയക്കാൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജിച്ചതുമാണ് രൂപയുടെ മൂല്യ തകർച്ചക്ക് കാരണമായി വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.