അഖീഖ്- ബൽജുറഷി റോഡ് തുറന്നു
text_fieldsഅൽബാഹ: അൽബാഹ മേഖലയിൽ പുതുതായി നിർമിച്ച അൽഅഖിഖ്- ബൽജുറഷി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയായതിന് ശേഷമാണിത്. 22.1 കിലോമീറ്റർ നീളവും ഓരോ ദിശയിലും രണ്ട് പാതകളുമുള്ള ഈ റോഡ് മർകസ് ബനീ കബീർ പട്ടണവുമായി ബന്ധിപ്പിക്കുന്നു. മൂന്നാംഘട്ടത്തിന്റെ ചെലവ് 218 ദശലക്ഷം റിയാൽ ആണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
റോഡ് ശൃംഖലയുടെ കണക്റ്റിവിറ്റി വർധിപ്പിക്കുക, പ്രദേശം സന്ദർശിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സേവനം മെച്ചപ്പെടുത്തുക, റോഡിലെ സുരക്ഷാനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. മൊത്തം 38 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കൽ ജോലികൾ പൂർത്തിയായതായി ഗതാഗത അതോറിറ്റി പറഞ്ഞു. 480 ദശലക്ഷം റിയാലിലധികം ചെലവഴിച്ചാണ് മൂന്ന് ഘട്ടങ്ങളും പൂർത്തിയാക്കിയത്.
റോഡിന്റെ ഗുണനിലവാരവും ഡ്രൈവർമാരുടെ സുരക്ഷയും ഉറപ്പാക്കാൻ അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഗവർണറേറ്റുകൾക്കിടയിലുള്ള ദൂരവും എത്തിച്ചേരുന്ന സമയവും കുറയ്ക്കുന്നതിന് ഈ റോഡ് സഹായകമാകുമെന്ന് അതോറിറ്റി വിശദീകരിച്ചു.
അൽബാഹ നഗരത്തിലൂടെ കടന്നുപോകാതെ അൽബാഹ സർവകലാശാലയിലേക്ക് നേരിട്ട് പ്രവേശനം സുഗമമാക്കും. അൽബാഹ നഗരത്തിന് പുറത്തേക്ക് വാഹന ഗതാഗതം ത്വരിതപ്പെടുത്തുന്നതിനും നഗരത്തിനുള്ളിലെ ഗതാഗത തിരക്ക് പ്രത്യേകിച്ച് വേനൽക്കാലത്ത് കുറയ്ക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.