സൗദി റോഡുകൾ ഏതുതരം ഭാരവും കൊണ്ടുപോകാൻ സജ്ജം -റോഡ് അതോറിറ്റി
text_fieldsറിയാദ്: സൗദി അറേബ്യയിലെ റോഡുകൾ ഏതുതരം ഭാരവും കൊണ്ടുപോകാൻ സജ്ജമാണെന്ന് സൗദി റോഡ് അതോറിറ്റി വ്യക്തമാക്കി. ആർട്ടിക്കിൾ 23 അനുസരിച്ചുള്ള അളവുകളിലും ഭാരത്തിലുമുള്ള ലോഡുകൾ വഹിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ, അസാധാരണമായ ലോഡുകളാണെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷിച്ച് പെർമിറ്റ് നേടിയ ശേഷമായിരിക്കണം കൊണ്ടുപോകേണ്ടത്. സുപ്രധാന മേഖലകൾക്ക് ആവശ്യമായ ലോഡുകൾ കൊണ്ടുപോകാൻ പ്രാപ്തമാക്കുകയാണ് ഈ പെർമിറ്റുകളുടെ ലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു.
വിനോദസഞ്ചാരത്തെയും വാണിജ്യമേഖലയെയും പിന്തുണക്കുന്നതിനൊപ്പം ലോജിസ്റ്റിക്കൽ നീക്കങ്ങൾ സാധ്യമാക്കുന്നതിനാണ് ഈ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കണക്ടിവിറ്റി സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സൗദിക്ക് വലിയ റോഡ് ശൃംഖലയുണ്ടെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ‘വിഷൻ 2030’ന്റെ വെളിച്ചത്തിൽ സമഗ്രമായ നവോത്ഥാനത്തെ പിന്തുണക്കുന്ന വിധത്തിൽ ചരക്ക്, ലോജിസ്റ്റിക്സ് നീക്കത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും അതോറിറ്റി പറഞ്ഞു.
റിയാദ് ബൊളിവാഡിൽ എത്തിക്കുന്നതിനായി അടുത്തിടെയാണ് സൗദി എയർലൈൻസിന് വേണ്ടി കരമാർഗം മൂന്ന് വിമാനങ്ങൾ കയറ്റിയയച്ചത്. ജിദ്ദയിൽനിന്ന് റിയാദിലേക്ക് 1000 കിലോമീറ്ററിലധികം കരമാർഗം മൂന്നു ബോയിങ് 777 കൂറ്റൻ വിമാനങ്ങളുടെ യാത്ര സൗദി മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ അത് വൈറലാവുകയും ചെയ്തു. സൗദി റോഡുകളുടെ മികവ് എടുത്തുകാണിക്കുന്നതാണ് കരമാർഗമുള്ള കൂറ്റൻ വിമാനങ്ങളുടെ യാത്ര.
സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിന്റെ ഫോളോ-അപ്പിന് കീഴിൽ റിയാദ് സീസണിന്റെ വികസനത്തിന്റെയും പുതുക്കലിന്റെയും ചട്ടക്കൂടിനുള്ളിലാണ് വിമാനങ്ങൾ കരമാർഗം റിയാദിലെത്തിക്കുന്നത്. റസ്റ്റാറന്റുകളായി മാറ്റുന്ന വിമാനങ്ങൾ റിയാദ് സീസണിന് മറ്റൊരു മാനം നൽകുകയും ആളുകൾക്ക് പുതിയൊരു അനുഭവം നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.