സൗദി-റഷ്യ ധാരണ; വർഷാവസാനം വരെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കും
text_fieldsറിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിൽ ഈ വർഷാവസാനംവരെ ഉറച്ചുനിൽക്കാൻ റിയാദിൽ നടന്ന ഉന്നതതല യോഗത്തിൽ സൗദി-റഷ്യ ധാരണ. വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട സൗദി-റഷ്യൻ സംയുക്ത സർക്കാർതല സമിതിയുടെ സൗദി തലവൻ കൂടിയായ ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കുമായി റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
നിലവിൽ സൗദി സന്ദർശിക്കുന്ന സംയുക്ത സമിതിയിലെ റഷ്യൻ പക്ഷത്തിെൻറ തലവൻ കൂടിയാണ് അലക്സാണ്ടർ നൊവാക്. എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ഉചിതവും യാഥാർഥ്യബോധത്തോടെയുള്ളതുമാണെന്ന് വിലയിരുത്തിയ ഇരുപക്ഷവും വർഷാവസാനംവരെ ഇതിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. സംയുക്ത സമിതിയുടെ അടുത്ത യോഗത്തിനുള്ള തയാറെടുപ്പുകളെക്കുറിച്ചും കമ്മിറ്റിയുടെ പ്രവർത്തന പരിധിയിൽ വരുന്ന ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളെ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.
ആഗോള എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ തീരുമാനമാണ് ഒപെക് പ്ലസിേൻറതെന്ന് ഇരുവരും വിലയിരുത്തി. 2023 അവസാനം വരെ പ്രതിദിന ഉൽപാദനം 20 ലക്ഷം ബാരലായി വെട്ടിക്കുറക്കാനാണ് കഴിഞ്ഞ ഒക്ടോബറിൽ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചത്. ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളിൽ സൗദി-റഷ്യ സഹകരണം തുടരാനും ഇരുപക്ഷവും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.