ദുരിതത്തിലായ തൊഴിലാളികൾക്ക് ബി.പി.എൽ കാർഗോയുടെ സൗജന്യ വിമാന ടിക്കറ്റ്
text_fieldsറിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമെന്ന് ബി.പി.എല്‍ കാര്‍ഗോ മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക ഉത്തരവാദിത്ത നിർവഹണ പദ്ധതിയുടെ ഭാഗമായാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് കമ്പനി പ്രസിഡൻറ് അബ്ദുൽ ഹമീദ് അൽമുബാറക് പറഞ്ഞു. സ്വദേശത്തേക്ക് തിരിച്ചുപോകുന്ന അര്‍ഹരെ കണ്ടെത്തി വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വഴി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കാര്‍ഗോ, ഫ്രൈറ്റ് ഫോര്‍വേഡിങ് രംഗത്തുള്ള ബി.പി.എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്.
മുമ്പ് ചെയ്തിരുന്ന ഇത്തരം പദ്ധതികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. സന്നദ്ധ സംഘടനകളായ റിയാദിലെ കെ.എം.സി.സി, ഒ.ഐ.സി.സി, ദമ്മാമിലെ നവോദയ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റിന് നിര്‍വാഹമില്ലാത്തവര്‍, ജയില്‍മോചിതരായി നാട്ടിലേക്കു മടങ്ങാനുള്ളവര്‍ തുടങ്ങി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ടിക്കറ്റ് നൽകുന്നതെന്നും തുടർന്നും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ബി.പി.എല്‍ കാര്‍ഗോ എന്നും മുന്നിലുണ്ടാവുമെന്നും മാനേജ്മെൻറ് അറിയിച്ചു. ഒാൺലൈനിൽ നടന്ന വാർത്തസമ്മേളനത്തിൽ ബി.പി.എൽ പ്രസിഡൻറ് അബ്ദുൽ ഹമീദ് അൽമുബാക്, കൺട്രി മാനേജർ ജോൺ വർഗീസ്, സെൻട്രൽ മാനേജർ മുഹമ്മദ് സുഫിയാൻ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.