സൗദി കേരള സെക്ടറിൽ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് 908 റിയാൽ
text_fieldsറിയാദ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷെൻറ നാലാം ഘട്ടത്തിൽ 908 റിയാലിന് കേരളത്തിലേക്ക് സർവിസ് നടത്താൻ എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ ഒന്നു മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽനിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്. ദമ്മാമിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകളിലും ഇതാണ് നിരക്ക്. എന്നാൽ, ജിദ്ദയിൽനിന്നുള്ള ടിക്കറ്റ് നിരക്കിൽ നേരിയ മാറ്റമുണ്ടാകും.
ജൂലൈ മൂന്നു മുതൽ 10 വരെയുള്ള എട്ടു ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നത്. മൂന്ന്, നാല് തീയതികളിൽ പുറപ്പെടുന്ന വിമാനങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണം എയർ ഇന്ത്യ ആരംഭിച്ചു. റിയാദിൽനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1.20ന് കോഴിക്കോേട്ടക്ക് പുറപ്പെടുന്ന 149 പേർക്കുമാത്രം യാത്രചെയ്യാൻ സാധിക്കുന്ന നിയോ ശ്രേണിയിലെ ചെറിയ വിമാനത്തിലേക്കും അന്നുതന്നെ രാവിലെ 11.30ന് ദമ്മാമിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന 319 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബോയിങ് 777 ശ്രേണിയിലെ വലിയ വിമാനത്തിലേക്കുമുള്ള ടിക്കറ്റ് വിൽപന ചൊവ്വാഴ്ച റിയാദിലെയും ദമ്മാമിലെയും എയർ ഇന്ത്യ ഒാഫിസുകളിൽ ആരംഭിച്ചു.
ഇൗ വിമാനങ്ങളിലെയും ശനിയാഴ്ച റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കും ദമ്മാമിൽനിന്ന് കോഴിക്കോേട്ടക്കുമുള്ള വിമാനങ്ങളിലെയും യാത്രക്കാരുടെ പട്ടിക ഇന്ത്യൻ എംബസി എയർ ഇന്ത്യ അധികൃതർക്ക് കൈമാറിയതിനെ തുടർന്നാണ് ടിക്കറ്റ് വിതരണം ആരംഭിച്ചത്. ജിദ്ദയിൽനിന്ന് അഞ്ചിന് കണ്ണൂരിലേക്കും ആറിന് കോഴിക്കോേട്ടക്കുമാണ് വിമാനം.
ആറിന് ദമ്മാമിൽനിന്ന് കൊച്ചിയിലേക്കും ഏഴിന് റിയാദിൽനിന്ന് കണ്ണൂരിലേക്കും എട്ടിന് ജിദ്ദയിൽനിന്ന് തിരുവനന്തപുരത്തേക്കും ഒമ്പതിന് ദമ്മാമിൽനിന്ന് തിരുവനന്തപുരത്തേക്കും 10ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുമാണ് ബാക്കി വിമാനങ്ങൾ പറക്കുന്നത്. ഇൗ വിമാനങ്ങളിലേക്കുള്ള യാത്രാക്കാരെ തെരഞ്ഞെടുക്കുന്ന നടപടികളും ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും അന്തിമഘട്ടത്തിലാണ്. ഷെഡ്യൂൾ പ്രകാരമുള്ള ഇൗ സർവിസുകൾ വിജയകരമായി പൂർത്തിയാക്കിയാൽ ജൂലൈ 10ന് ശേഷമുള്ള പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. കോഴിക്കോട് ഒഴികെ ബാക്കി സെക്ടറുകളിലേക്കെല്ലാം 319ഉം അതിൽ കൂടുതലും യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ വിമാനങ്ങളാണ് സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.