തളർന്നുവീണ മലയാളിയെ വിദഗ്ധചികിത്സക്ക് നാട്ടിലെത്തിച്ച് നവോദയ
text_fieldsദമ്മാം: പക്ഷാഘാതം ബാധിച്ച് ശരീരത്തിെൻറ ഒരു വശം തളർന്നുപോയ മലയാളിക്ക് ദമ്മാമിലെ നവോദയ സാംസ്കാരികവേദിയുടെ സഹായഹസ്തം. ഒരു പതിറ്റാണ്ടിലധികമായി അൽഖോബാറിൽ ഹൗസ് ൈഡ്രവറായി ജോലിചെയ്ത കൊല്ലം, വെള്ളിമൺ, പുനരധിവാസ കോളനിയിൽ താമസിക്കുന്ന നിസാമിനെയാണ് (42) വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചത്. മൂന്നു മാസം മുമ്പാണ് പെട്ടെന്ന് നിസാം തളർന്നുവീണത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ശരീരത്തിെൻറ ഒരു ഭാഗത്തെ ചലനശേഷി നിലച്ചു.
വിവരമറിഞ്ഞ നവോദയ പ്രവർത്തകർ നിസാമിനെ തേടിയെത്തുകയായിരുന്നു. ഖോബാർ യൂനിറ്റ് കുടുംബവേദിയുടെ പ്രവർത്തകർ അദ്ദേഹത്തിന് എല്ലാവിധ സഹായവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്കു പോയ നവോദയയുടെ ചാർട്ടേഡ് വിമാനത്തിലാണ് കൊണ്ടുപോയത്. കൊച്ചിയിലെത്തിയപ്പോൾ നോർക്കയുടെ സൗജന്യ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവോദയ ടൗൺ യൂനിറ്റ് പ്രവർത്തകസമിതി അംഗം ഷംനാദ് അഞ്ചലാണ് നിസാമിന് സഹായിയായി വിമാനയാത്രയിൽ ഒപ്പം പോയത്. നിർധന കുടുംബത്തിെൻറ ഏക അത്താണിയാണ് നിസാം.
മാനസിക സമ്മർദമാണ് പക്ഷാഘാതത്തിലേക്ക് തള്ളിവിട്ടത്. സുമനസ്സുകളുടെ സഹായം ലഭ്യമായിരുന്നില്ലെങ്കിൽ നാട്ടിലേക്കുള്ള യാത്രയും തുടർചികിത്സയും പ്രതിസന്ധിയിലാകുമായിരുന്നു. നല്ലവനും സഹായസന്നദ്ധനുമായ സ്പോൺസർ നിസാമിനെ നാട്ടിലയക്കാൻ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയായിരുന്നു. അപ്പോഴാണ് നവോദയയുടെ തുണ ലഭിച്ചത്. ഖോബാർ ഏരിയ പ്രസിഡൻറ് സമദ് കരുനാഗപ്പള്ളി, സെക്രട്ടറി വിദ്യാധരൻ, കേന്ദ്ര ആക്ടിങ് സെക്രട്ടറി റഹീം, കേന്ദ്ര പ്രസിഡൻറ് പവനൻ, ജീവകാരുണ്യ വിഭാഗം കൺവീനർ നൗഷാദ് അകോലത്ത്, സി.പി.എം പെരിനാട് ലോക്കൽ സെക്രട്ടറി ബൈജു, ഇഖ്ബാൽ കുണ്ടറ എന്നിവർ തുടക്കംമുതലേ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.