ഹൃദയവാൽവിന് തകരാറുള്ള ഇന്ത്യൻ കൈക്കുഞ്ഞിെൻറ ജീവൻ രക്ഷിച്ചു
text_fieldsനജ്റാൻ: ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന ഇന്ത്യൻ കൈക്കുഞ്ഞിെൻറ ജീവൻ രക്ഷിച്ച് സൗദി അധികൃതരുടെ കാരുണ്യ ഇടപെടൽ. ഹൃദയവാൽവ് ശസ്ത്രക്രിയക്ക് ആയിരം കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് എയർ ആംബുലൻസ് സൗജന്യമായി അനുവദിച്ചും സൗജന്യ ചികിത്സയൊരുക്കിയും ദക്ഷിണ സൗദിയിലെ നജ്റാൻ ഗവർണറുടെ ഇടപെടലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജഗൻ സെൽവരാജ്-സുഹിറോസ് ജോസ്ലിൻ പോൾ ദമ്പതികളുടെ ഒാമന മകൻ ജെഫ് ലിൻഡോയുടെ ജീവൻ രക്ഷിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് മൂന്നുമാസത്തോളം നീണ്ട പരിചരണവും കഴിഞ്ഞ് ആരോഗ്യവാനായി മാറിയ കുഞ്ഞുമായി കുടുംബം കഴിഞ്ഞ ദിവസം നാടണയുകയും ചെയ്തു. നജ്റാനിലെ അൽസഫർ ആശുപത്രിയിൽ നാലു വർഷമായി നഴ്സായിരുന്നു സുഹിറോസ്. 13 മാസം മുമ്പ് നാട്ടിൽനിന്നും അവധി കഴിഞ്ഞ് തിരിച്ചുവരുേമ്പാൾ ഇവർ ഗർഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിൽ പോകണം എന്ന തീരുമാനിച്ചിരിക്കുമ്പോഴാണ് ഏഴാം മാസത്തിൽ ഒരാൺകുഞ്ഞിന് ജന്മം നൽകുന്നത്.
പ്രായം തികയാത്ത പ്രസവവും ശക്തമായ ശ്വാസതടസ്സപ്രശ്നങ്ങളും കാരണം വിശദമായ പരിശോധനയിൽ കുട്ടിയുടെ ഹൃദയവാൽവിന് കാര്യമായ തകരാറുണ്ടെന്ന് മനസ്സിലായി. ശേഷം വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. വിവരമറിഞ്ഞ് ഖത്തറിൽ ജോലിചെയ്തിരുന്ന പിതാവ് ജഗൻ സെൽവരാജ് സൗദിയിലെത്തി. നജ്റാനിലെ ശിശുരോഗ ആശുപത്രിയിൽ മൂന്നര മാസത്തോളമാണ് കുട്ടി വെൻറിലേറ്ററിൽ കഴിഞ്ഞത്. ഇതിന് 1,62,600 റിയാൽ (ഉദ്ദേശം 32 ലക്ഷം ഇന്ത്യൻ രൂപ) ആശുപത്രി ബില്ലായി. ഹൃദയവാൽവിനുള്ള ശസ്ത്രക്രിയാസൗകര്യം 1000 കിലോമീറ്റർ അകലെ ജിദ്ദയിലെ ആശുപത്രിയിലാണുള്ളത്. അവിടെ കൊണ്ടുപോകണമെന്ന് ആശുപത്രിയിൽനിന്ന് നിർദേശമുണ്ടായി. കുട്ടിയുടെ ആരോഗ്യസ്ഥിതി അതിഗുരുതരമായതിനാൽ റോഡ് മാർഗം ജിദ്ദയിലേക്ക് സാദാ ആംബുലൻസിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും വെൻറിലേറ്റർ സൗകര്യമുള്ള എയർ ആംബുലൻസ് തന്നെ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
നിലവിലെ ഭീമമായ ആശുപത്രി ബില്ലിനു പുറമെ ജിദ്ദയിൽ കൊണ്ടുപോകാനുള്ള എയർ ആംബുലൻസിനുള്ള പണച്ചെലവും കൂടി ആലോചിച്ചപ്പോൾ കുടുംബത്തിെൻറ സകല പ്രതീക്ഷകളും അസ്തമിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ നജ്റാനിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ ശൈഖ് മീരാെൻറ ഇടപെടലാണ് വഴിത്തിരിവായത്. നജ്റാൻ ഗവർണറുടെ പബ്ലിക് റിലേഷൻ ഓഫിസറായ സാലിം അൽഖഹ്ത്വാനിയെ ഇൗ വിവരം ധരിപ്പിക്കാൻ ശൈഖ് മീരനായി. തുടർന്ന് ഗവർണറേറ്റിെൻറ അടിയന്തര ഇടപെടലുണ്ടായി. 32 ലക്ഷം രൂപയുടെ ആശുപത്രി ബിൽ ഒഴിവാക്കാനും ജിദ്ദയിലേക്ക് ഓപറേഷന് കൊണ്ടുപോകാൻ എയർ ആംബുലൻസ് ഹെലികോപ്ടർ സൗജന്യമായി അനുവദിക്കാനും ഗവർണർ ഉത്തരവിട്ടു.
ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഇതിന് ചെലവായ 38,000 റിയാലും നജ്റാൻ ഗവർണറുടെ കരുണാപരമായ ഇടപെടൽമൂലം ഒഴിവാക്കിക്കൊടുത്തു. ഓപറേഷൻ കഴിഞ്ഞ് ഒരാഴ്ചക്കുശേഷം റോഡ് മാർഗം കുടുംബം നജ്റാനിൽ സുഖകരമായി തിരിച്ചെത്തുകയും ഇന്ത്യയിലേക്കു മടങ്ങാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. സുഹിറോസ് ജോലി രാജിവെച്ചു. അതിനിടയിലാണ് കോവിഡ് പ്രതിസന്ധിയുണ്ടാകുന്നതും അന്താരാഷ്ട്ര വിമാന സർവിസ് റദ്ദാക്കലും മറ്റുമുണ്ടാകുന്നതും. വീണ്ടും മാസങ്ങളോളം പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ദിവസങ്ങൾ തള്ളിനീക്കി. അവസാനം റിയാദിലെ സോഷ്യൽ ഫോറം പ്രവർത്തകൻ ഹാജി മുഹമ്മദ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ട് ഇവർക്ക് ജിദ്ദയിൽനിന്നും കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സീറ്റ് തരപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.