16 ചാർട്ടേഡ് വിമാനങ്ങളിലായി 2939 യാത്രക്കാരെ നാട്ടിലെത്തിച്ച് മലപ്പുറം ജില്ല കെ.എം.സി.സി
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരേയും ജീവിതം വഴിമുട്ടിയവരേയും സന്ദർശക വിസയിലെത്തിയവരേയും രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയും അടിയന്തര സാഹചര്യങ്ങളിലുള്ളവരേയും നാട്ടിലെത്തിക്കാനായി ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വന്തം നിലയിലും മറ്റുള്ളവരുമായി സഹകരിച്ചും ചാര്‍ട്ടർ ചെയ്ത 16 വിമാനങ്ങളിലായി നാടണഞ്ഞത് 2,939 പേർ. എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. മുഴുവന്‍ യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷ വസ്ത്രങ്ങള്‍, മാസ്ക്, ഗ്ലൗസ്, സേഫ്റ്റി ഷീല്‍ഡ്, സാനിറ്റൈസർ തുടങ്ങിയവ നല്കി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു യാത്രകൾ.
കെ.എം.സി.സിയുടെ സന്നദ്ധ പ്രവർത്തകർ വിമാനത്താവളത്തിൽ യാത്രക്കാര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും കൂടെയുണ്ടായിരുന്നു. കമ്മിറ്റി നേരിട്ട് ചാർട്ടർ ചെയ്ത ആറ് വിമാനങ്ങളിലൂടെ 1,334 യാത്രക്കാരും മറ്റ് ഗ്രൂപ്പുകളുമായി സഹകരിച്ച് സർവിസ് നടത്തിയ 10 വിമാനങ്ങളിലായി 1,605 യാത്രക്കാരുമാണ് നാടണഞ്ഞത്. വിമാനങ്ങൾക്ക് ലാൻഡിങ് കൺസൻറ് നേടിത്തരാൻ സഹായിച്ചത് കേരള പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവരാണ്.
കൂടുതലാളുകളെ കുറഞ്ഞ നിരക്കില്‍ നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നും കൂടുതല്‍ വന്ദേ ഭാരത് മിഷന് വിമാനങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗഫൂർ പട്ടിക്കാട്, ഹബീബ് കല്ലൻ, ബാബു നഹ്ദി, ജലാൽ തേഞ്ഞിപ്പലം, കെ.ടി. ജുനൈസ്, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.