യാംബു ഗവർണറേറ്റിൽ ബഹുമുഖ പദ്ധതികൾക്ക് അംഗീകാരം
text_fieldsയാംബു: യാംബു ഗവർണറേറ്റിൽ ബഹുമുഖ പദ്ധതികൾ നടപ്പാക്കാൻ മദീന പ്രവിശ്യ മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് അൽബലീഷി അംഗീകാരം നൽകി. വ്യവസായ മേഖലയിലെ രണ്ട് പദ്ധതികൾക്കും കോർണിഷ് ഉല്ലാസ കേന്ദ്രത്തിലെ വിവിധ വികസന പ്രോജക്ടുകൾക്കുമാണ് യാംബു മുനിസിപ്പാലിറ്റി കാര്യാലയത്തിൽ ചടങ്ങിൽ ഒപ്പുവെച്ചത്. യാംബുവിലെ വിവിധ വികസന പദ്ധതികളും പരിപാടികളും മേയർ മുനിസിപ്പാലിറ്റി അധികൃതരുമായി ചർച്ച ചെയ്തു. യാംബു ഗവർണർ സഅദ് ബിൻ മർസൂഖ് അൽസുഹൈമി മേയറെ സ്വീകരിച്ചു.
യാംബുവിലെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള 170 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽഅബ്ദ മേഖലയിൽ വൈവിധ്യമാർന്ന ഉല്ലാസ കേന്ദ്രങ്ങൾ നിർമിക്കാൻ തീരുമാനമായി. ഒട്ടകയോട്ട ട്രാക്കും കുതിരയോട്ട ട്രാക്കും മേഖലയിൽ പ്രത്യേകം സംവിധാനിക്കാനുള്ള പദ്ധതിക്കും മേയർ അംഗീകാരം നൽകി. ആറ് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള യാംബു നഗരത്തിെൻറ വടക്കു ഭാഗത്തുള്ള ആദ്യത്തെ വ്യാവസായിക പദ്ധതിക്കും പരിഗണന ലഭിച്ചു. 2706 കാർ വർക്ക് ഷോപ്പുകൾ, മറ്റു വാഹനങ്ങൾക്കായി 3,171 വർക്ക് ഷോപ്പുകൾ, 322 വെയർ ഹൗസുകൾ, 61 ബോട്ട് വർക്ക് ഷോപ്പുകൾ, 178 കാർ ഷോറൂമുകൾ, 88 ലൈറ്റ് ഫാക്ടറികൾ എന്നിവയും അംഗീകാരം കിട്ടിയ പദ്ധതികളിൽ ഉൾപ്പെടുന്നു.
യാംബുവിെൻറ ചരിത്രപരവും ചാരുതയേറിയ കടൽത്തീര മേഖലക്കും അനുഗുണമായ വിവിധ പദ്ധതികളാണ് പരിഗണിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു. സഞ്ചാരികൾക്കും പ്രദേശവാസികൾക്കും കൂടുതൽ ഉപകരിക്കുന്നതുമായ ബഹുമുഖ പദ്ധതികൾ പൂർത്തിയാക്കാനാണ് യാംബു മുനിസിപ്പാലിറ്റി അധികൃതർക്ക് മദീന മേയർ നൽകിയ നിർദേശം. സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനും ടൂറിസം മേഖലയിൽ യാംബു നഗരി വൻ കുതിപ്പിനും പദ്ധതി പൂർത്തിയാക്കുന്നതിലൂടെ സാധ്യമാകുമെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.