സൗദി സുരക്ഷ അറബ് ദേശീയസുരക്ഷയുടെ അവിഭാജ്യഘടകം -അറബ് പാർലമെൻറ്
text_fieldsഅറബ് പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി
റിയാദ്: സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ പുറപ്പെടുവിച്ച നിരുത്തരവാദപരമായ പ്രസ്താവനകളെ അറബ് പാർലമെൻറ് ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം പ്രസ്താവനകൾ മേഖലയിലെ സംഘർഷങ്ങൾക്ക് ആക്കംകൂട്ടുകയും ആഗോള സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തുകയും ചെയ്യുമെന്നതിനാൽ അത് അപകടകരമാണെന്ന് അറബ് പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി മുന്നറിയിപ്പ് നൽകി.
സൗദിയുടെ പരമാധികാരത്തെയും സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന ഈ പ്രസ്താവനകൾ അറബ് പാർലമെൻറ് നിരസിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്. സൗദിയുടെ സുരക്ഷയും സ്ഥിരതയും അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണെന്ന് ഊന്നിപ്പറയുന്നു. അതിൽ വിട്ടുവീഴ്ച ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അൽ യമാഹി പറഞ്ഞു.
അറബ് രാജ്യങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന എല്ലാ പ്രസ്താവനകളും നിരസിക്കുന്നതായി അൽ യമാഹി ആവർത്തിച്ചു. ഫലസ്തീൻ ജനതക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃതവും അവിഭാജ്യവുമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ പ്രസ്താവന. സൗദിയുടെ പരമാധികാരം, സുരക്ഷ, ജനങ്ങളുടെ സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി അറബ് പാർലമെൻറിെൻറ പൂർണ ഐക്യദാർഢ്യം അൽ യമാഹി ഉൗന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.