ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം; 60 ടൺ ഓക്സിജൻ അയച്ചു
text_fieldsജിദ്ദ: കോവിഡിനെ തുടർന്ന് ഓക്സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം. കോവിഡ് ബാധിച്ചു ഓക്സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികൾക്ക് 60 ടൺ ലിക്വിഡ് ഓക്സിജൻ കൂടി സൗദി അറേബ്യയിൽ നിന്ന് അയച്ചു. മൂന്നു കണ്ടെയ്നറുകളിലായി അയച്ച ഇത്രയും ടൺ ഓക്സിജൻ ജൂൺ ആറിന് ഇന്ത്യൻ തുറമുഖത്തെത്തും.
കഴിഞ്ഞ മാസം 80 ടൺ ലിക്വിഡ് ഓക്സിജനും മറ്റ് ചികിത്സാ സഹായങ്ങളും ദമ്മാം പോർട്ടിൽ നിന്ന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സൗദിയിൽ നിന്ന് ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം100 കണ്ടെയ്നറുകൾ കൂടി അയക്കാൻ തീരുമാനിച്ചതായാണ് വിവരം. കോവിഡ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന സൗഹൃദ രാജ്യങ്ങൾക്ക് മാനുഷികമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുക എന്ന സംരംഭത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ ഈ സഹായഹസ്തം.
കോവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യ നൽകിയ മാനുഷിക സഹായത്തിനു ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൗദി സർക്കാരിനു ട്വിറ്ററിലൂടെ നന്ദിയും അഭിനന്ദനവും അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 ടൺ ലിക്വിഡ് ഓക്സിജൻ അടങ്ങിയ മൂന്ന് കണ്ടെയ്നറുകൾ അയക്കാൻ സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ നൽകിയ നിർദേശത്തെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു. ഇത്രയും ലിക്വിഡ് ഓക്സിജൻ ജൂൺ ആറിന് മുബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതാണിതെന്നും ഇന്ത്യൻ പെട്രോളിയം മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.