എണ്ണപ്പാടങ്ങളിലെ വെള്ളത്തിൽനിന്ന് ലിഥിയം വേർതിരിച്ചെടുത്ത് സൗദി
text_fieldsറിയാദ്: ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ പാടങ്ങളിലെ ഉപ്പുവെള്ള സാമ്പ്ളുകളിൽനിന്ന് ലിഥിയം വേർതിരിച്ചെടുക്കുന്നതിൽ രാജ്യം വിജയിച്ചതായി സൗദി വ്യവസായ ധാതുവിഭവ ഡെപ്യൂട്ടി മന്ത്രി ഖാലിദ് അൽ മുദൈഫർ പറഞ്ഞു.
നേരിട്ട് വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു വാണിജ്യ പദ്ധതി ഉടൻ ആരംഭിക്കും. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആരംഭിച്ച ലിഥിയം ഇൻഫിനിറ്റി അഥവാ ‘ലിതിഇക്’ എന്നറിയപ്പെടുന്ന സ്റ്റാർട്ടപ്പും അരാംകോ സൗദി മൈനിങ് കമ്പനിയായ ‘മആദനും’ ചേർന്ന് പദ്ധതിക്ക് നേതൃത്വം നൽകും. കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം വേർതിരിച്ചെടുത്തത്.
ഇക്കാര്യത്തിൽ യൂനിവേഴ്സിറ്റി കൂടുതൽ ശ്രമങ്ങൾ നടത്തിവരുകയാണ്. ഉപ്പുവെള്ള ലായനികൾ നൽകുന്നതിനായി എണ്ണപ്പാടങ്ങളിൽ അവർ ഒരു വാണിജ്യ പദ്ധതി തയാറാക്കുകയാണ്. ഇലക്ട്രിക് കാറുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയുടെ ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം.
ഖനന മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് ഖനന പര്യവേക്ഷണത്തിനുള്ള ഉയർന്ന ചെലവ്. ഖനന പര്യവേക്ഷണത്തിനുള്ള സൗദിയുടെ ചെലവ് 2018ൽ 2.5 കോടി റിയാലിൽനിന്ന് 2024ൽ 50 കോടി റിയാലായി വർധിച്ചിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിന് 80 റിയാലിൽനിന്ന് 300 റിയാലായി പ്രതിവർഷം 40 ശതമാനം വർധിച്ചതിനാൽ പര്യവേക്ഷണത്തിനുള്ള ചെലവ് ഏറ്റവും കൂടുതൽ വളർന്ന രാജ്യങ്ങളിലൊന്നായി സൗദിയെന്നും ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
ഈ വർഷാവസാനത്തോടെ ചെലവ് വർധന നിരക്ക് 50 ശതമാനത്തിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പര്യവേക്ഷണത്തിനുള്ള ചെലവ് 50 കോടി റിയാലിലെത്തി. 2018ൽ അത് 2.5 കോടി റിയാലിൽ കവിഞ്ഞില്ല. 2024 ൽ മാത്രം ഖനന പര്യവേക്ഷണ മേഖലയിൽ 70 ലധികം കമ്പനികൾ സ്ഥാപിച്ചതായി ഖനന മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ച് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.