സൗദി ബഹിരാകാശ കമ്പനി ‘നിയോ സ്പേസ് ഗ്രൂപ്പി’ന് പുതിയ സി.ഇ.ഒ
text_fieldsറിയാദ്: ഗ്ലോബൽ കമ്യൂണിക്കേഷൻ വിദഗ്ധൻ മാർട്ടിൻ ബ്ലാങ്കനെ ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനിയായ ‘നിയോ സ്പേസ് ഗ്രൂപ്പി’ന്റെ സി.ഇ.ഒ ആയി നിയമിച്ചു. സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹയുടെ നേതൃത്വത്തിലുള്ള നിയോ സ്പേസ് ഗ്രൂപ് ഡയറക്ടർ ബോർഡാണ് നിയമിച്ചത്. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സൗദി കമ്പനിയാണിത്.
വിവിധ ഭ്രമണപഥങ്ങളിലെ ഉപഗ്രഹങ്ങൾ വഴി സൗദിയിൽനിന്ന് ലോകത്തിന് ബഹിരാകാശ സേവനങ്ങൾ നൽകാനാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. 25 വർഷത്തിലേറെയായി കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി മേഖലയിൽ വലിയ പ്രവൃത്തി പരിചയമുള്ള വിദഗ്ധനാണ് ബ്ലാങ്കൻ.
ഗ്രൂപ്പിന്റെ പുരോഗതിയിൽ ഫലപ്രദവും സുപ്രധാനവുമായ പങ്ക് വഹിക്കാനും പ്രവർത്തനഫലത്തിൽ വലിയ മാറ്റമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് സൗദി വിലയിരുത്തുന്നത്. ഗ്രൂപ്പിലേക്ക് വരുന്നതിന് മുമ്പ് ബ്ലാങ്കൻ നിരവധി എക്സിക്യൂട്ടിവ്, അഡ്വൈസറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രത്യേകിച്ചും യൂറോപ്പിനെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമിന് നേതൃത്വം നൽകുന്ന എക്സാ ഇൻഫ്രാസ്ട്രക്ചറിന്റെ സി.ഇ.ഒ ആയും ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടിങ് ഏജൻസിയായ സ്ക്വേർഡ് കാപ്പിറ്റലിൽ സീനിയർ അഡ്വൈസറായും ടെൽസ്ട്രയിൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചീഫ് കൊമേഴ്സ്യൽ ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബഹിരാകാശ മേഖല ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് നിയോ സ്പേസ് ഗ്രൂപ്പിനെ നയിക്കുന്നത് ബഹുമതിയായി കാണുന്നുവെന്ന് മാർട്ടിൻ ബ്ലാങ്കൻ പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഫലപ്രദവും മത്സരാധിഷ്ഠിതവുമായ ബ്രാൻഡാകാനും ആഗോള ബഹിരാകാശ മേഖലയിൽ സ്വാധീനമുള്ള ദേശീയ കമ്പനിയാകാനും ഞങ്ങൾക്ക് കഴിയുമെന്ന് ബ്ലാങ്കൻ പറഞ്ഞു.
സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നിയോ സ്പേസ് ഗ്രൂപ്. ബഹിരാകാശ മേഖലയിലെ ബിസിനസ് അവസരങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘വിഷൻ 2030’ന് അനുസൃതമായി വളർന്നുവരുന്ന കമ്പനികളിൽ നിക്ഷേപം നടത്താനും രാജ്യത്തും ലോകത്തും ബഹിരാകാശ സാങ്കേതികവിദ്യ മേഖലകളിൽ സംരംഭകരെ വികസിപ്പിക്കാനുമാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.